‘കേരള സര്‍ക്കാര്‍ ഇത് കണ്ട് പഠിക്കണം’; ലാൽ ഉദ്ദേശിച്ചത് അലൻസിയറിനെയോ?

ദക്ഷിണേന്ത്യയിലെ നാല് സിനിമാ ഇൻഡസ്ട്രിയിൽ  പ്രതിഭകള്‍ക്ക് പുരസ്കാരം നൽകുന്ന വേദിയാണ് സൈമ അവാർഡ്സ്. 2022ലെ മികച്ച മലയാള ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുകൾ കഴിഞ്ഞ ദിവസാണ് വിതരണം ചെയ്തത്. ടൊവിനോ തോമസാണ് മികച്ച നടൻ.…

ദക്ഷിണേന്ത്യയിലെ നാല് സിനിമാ ഇൻഡസ്ട്രിയിൽ  പ്രതിഭകള്‍ക്ക് പുരസ്കാരം നൽകുന്ന വേദിയാണ് സൈമ അവാർഡ്സ്. 2022ലെ മികച്ച മലയാള ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡുകൾ കഴിഞ്ഞ ദിവസാണ് വിതരണം ചെയ്തത്. ടൊവിനോ തോമസാണ് മികച്ച നടൻ. തല്ലുമാല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ടൊവിനോക്കു  അവാർഡ് ലഭിച്ചത്.ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്യാണി പ്രിയദർശൻ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയത് നടൻ ലാലാണ്. പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കവെ ലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്.സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്നും കേരള സര്‍ക്കാര്‍ ഇത് കണ്ട് പഠിക്കണമെന്നുമാണ് ലാൽ പറഞ്ഞത്. ലാലിന്റെ  പ്രസം​ഗം ശ്രദ്ധിക്കപ്പെട്ടതോടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചശേഷം നടൻ അലൻസിയർ നടത്തിയ പ്ര​സം​ഗത്തിനെ വിമർശിച്ചാണ് ലാലിന്റെ പ്രസം​ഗമെന്നാണ് സോഷ്യൽമീഡിയയിൽ നിറയുന്ന കമന്റുകൾ.ചലച്ചിത്ര പുരസ്‌കാരത്തിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നാണ് അലന്‍സിയര്‍ പ്ര​സം​ഗത്തിൽ പറഞ്ഞത്. ‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം.

അപേക്ഷയാണ്.’ ‘സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ അന്ന് അഭിനയം നിര്‍ത്തും’, എന്നാണ് അലൻസിയർ പറഞ്ഞത്. അലന്സിയരുടെ വിവാദ  പ്രസം​ഗം ചർച്ചയായപ്പോൾ അലൻസിയർ നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ് നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ഇപ്പോൾ ലാലിന്റെ പ്രസം​ഗം കൂടി ശ്രദ്ധിക്കപ്പെട്ടതോടെ അലൻസിയർ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ‘ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് വന്നത്. ഇംഗ്ലീഷില്‍ ഒരു പ്രസംഗം കാച്ചാമെന്ന് വിചാരിച്ചാണ് വന്നത്. ഇവിടെ വന്നപ്പോഴാണ് എന്നോട് പറഞ്ഞത് ഇംഗ്ലീഷ് സംസാരിക്കരുതെന്ന്. എന്റെ മദര്‍ടങ് ഇംഗ്ലീഷായതുകൊണ്ട് മലയാളം അത്ര ഫ്‌ളുവന്റല്ല. എന്നാലും ഒന്ന് ശ്രമിച്ചുനോക്കാം. മലയാളത്തിലെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.”കൃത്യമായിട്ടാണ് അവാര്‍ഡ് കൊടുത്തിരിക്കുന്നത്. കാരണം മലയാളത്തില്‍ ഇത്രയും നല്ല സ്വഭാവമുള്ള വേറൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. കൃത്യമായി എനിക്ക് തന്നെ കൊണ്ടുതന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല സ്വഭാവമുള്ള ആൾ ഞാനാണ്. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്.’ ‘കാലത്ത് എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോൾ ‍ഞാൻ തന്നെ നമസ്കാരം പറയും. അത്രയ്ക്കും ബഹുമാനമുള്ള ഒരു നല്ല മനുഷ്യനാണ് ഞാൻ. കേരള സർക്കാർ ഇത് കണ്ട് പഠിക്കേണ്ടതാണ്. ഇങ്ങനെ സ്വഭാവം നോക്കിയിട്ട് വേണം അവാർഡ് കൊടുക്കാൻ. എന്തായാലും ഒരുപാട് സന്തോഷമുണ്ട്. മഹാവീര്യർ എന്ന സിനിമയ്ക്കാണ് അവാർഡ് കിട്ടിയത്.’അത് വളരെ നല്ല സിനിമയാണെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു. നല്ല പെർഫോമൻസാണെന്നും പറഞ്ഞിരുന്നു. പക്ഷെ ആ സിനിമ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. അത് പുരസ്കാരങ്ങളുടെ കാര്യത്തിലാണെങ്കിലും തിയേറ്ററുകളിലാണെങ്കിലും. തീർച്ചയായും നിങ്ങളെല്ലാവരും ആ സിനിമ കാണണം. സൈമയ്ക്ക് നന്ദി’, എന്ന് പറഞ്ഞാണ് ലാൽ പ്രസം​ഗം അവസാനിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ അലൻസിയറിന് എതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാർത്തകൾ ഒരുപാട് ഉണ്ടാകുന്നുണ്ട് എന്നാണ് വിഷയം ചർച്ചയായപ്പോൾ പ്രതികരിച്ച് അലൻസിയർ പറഞ്ഞത്.