തോറ്റെന്ന് തോന്നിയാൽ ഈ വെളിച്ചത്തിലേക്ക് നോക്കാം…! 59 തവണ വീണിട്ടും നിർത്തിയില്ല, ഒടുവിൽ അയാൾ നേടി

പരീക്ഷകളിലെ തോൽവി പലരുടെയും ജീവിതത്തെ വല്ലാതെ ബാധിക്കും. മാനസികമായി തളർത്തുന്നതിനൊപ്പം ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ഊർജവും ചില തോൽവികൾ തകർത്തു കളയും. അങ്ങനെ തകർന്നിരിക്കുന്നവർ ഈ വാർത്ത മുഴുവനായി വായിക്കണം. പരീക്ഷയിൽ 59…

പരീക്ഷകളിലെ തോൽവി പലരുടെയും ജീവിതത്തെ വല്ലാതെ ബാധിക്കും. മാനസികമായി തളർത്തുന്നതിനൊപ്പം ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ഊർജവും ചില തോൽവികൾ തകർത്തു കളയും. അങ്ങനെ തകർന്നിരിക്കുന്നവർ ഈ വാർത്ത മുഴുവനായി വായിക്കണം. പരീക്ഷയിൽ 59 തവണ പരാജയപ്പെട്ട പരീക്ഷാർത്ഥി ഒടുവിൽ അറുപതാമത്തെ ശ്രമത്തിൽ വിജയം നേടിയതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്ന വാർത്ത. യുകെയിലാണ് സംഭവം.

ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയിലാണ് ഇത്തരത്തിൽ പലവട്ടം തോൽവിയറിഞ്ഞത്. വുസ്റ്റർഷെയർ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടത്. പരീക്ഷാർത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പുറത്ത് വന്നിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാൾ ചെലവാക്കിയതെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മണിക്കൂറാണ് തിയറി പരീക്ഷയുടെ ദൈർഘ്യം. 50 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളിൽ 43 എണ്ണത്തിനെങ്കിലും ശരി ഉത്തരം നൽകണമെന്നാണ് വ്യവസ്ഥ. അവിടെയും അവസാനിക്കില്ല. തുടർന്ന് 14 വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള പെർസെപ്ഷൻ പരിശോധനയാണ്. ഒരിക്കൽ തിയറി പരീക്ഷയിൽ പരാജയപ്പെട്ടാൽ മൂന്ന് ദിവസം കാത്തിരുന്ന ശേഷം വീണ്ടും അവസരം ലഭിക്കും. ഡ്രൈവിങ് പരീക്ഷയിലെ തിയറി പരീക്ഷ കടുപ്പമുള്ളത് തന്നെയാണെന്നാണ് ഡ്രൈവിം​ഗ് പരിശീലകർ വ്യക്തമാക്കുന്നത്.