അവതരിക്കും മുമ്പേ ലിയോയുടെ കുതിപ്പ്, പിന്നിലായത് സാക്ഷാൽ ജയില‌ർ! കളക്ഷനിൽ റെക്കോർഡ് ഉറപ്പ്

റിലീസ് ചെയ്യും മുമ്പ് തന്നെ ബുക്കിംഗ് കളക്ഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ലിയോ. ട്രേഡ് അനലിസ്റ്റായ രാജശേഖർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടൽ കടന്ന് യുകെയിലാണ് ലോകേഷ് – വിജയ് ടീമിന്റെ ലിയോ…

റിലീസ് ചെയ്യും മുമ്പ് തന്നെ ബുക്കിംഗ് കളക്ഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ലിയോ. ട്രേഡ് അനലിസ്റ്റായ രാജശേഖർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടൽ കടന്ന് യുകെയിലാണ് ലോകേഷ് – വിജയ് ടീമിന്റെ ലിയോ മിന്നും നേട്ടം പേരിലാക്കിയത്. ഒക്ടോബർ 19നാണ് ലിയോ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആറ് ആഴ്ച മുന്നേ തന്നെ യുകെയിൽ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. യുകെയിലെ റിലീസിന് ലിയോയ്‍ക്ക് രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരത്തി അറുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ് (2,26,41,675) ബുക്കിംഗ് ഇനത്തിൽ ലഭിച്ചുവെന്നാണ് കണക്കുകൾ പുറത്ത് വന്നത്.

ഇതോടെ യുകെയിലെ റിലീസ് അഡ്വാൻസ് കളക്ഷനിൽ ചിത്രം തമിഴ്‍നാട്ടിൽ നിന്നുള്ള ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് എത്തി നിൽക്കുന്നത്. യുകെയിലെ റിലീസ് അഡ്വാൻസ് കളക്ഷനിൽ ഒന്നാം സ്ഥാനത്തുള്ള (തമിഴ്‍നാട്ടിൽ നിന്നുള്ളവ) പൊന്നിയിൻ സെൽവന് 2,53,86,168 രൂപയുടെ അഡ്വാൻസ് ബുക്കിം​ഗ് ആണ് ലഭിച്ചത്. തൊട്ടുപിന്നിലുള്ള പൊന്നിയിൻ സെൽവന്റെ മറ്റൊരു ഭാ​ഗത്തിന് 2,31,99,001 രൂപയുടെയും അഡ്വാൻസ് ബുക്കിം​ഗ് ലഭിച്ചു. ലിയോയ്‍ക്ക് പിന്നിൽ നാലാം സ്ഥാനത്തുള്ള ജയിലറിന് 2,26,20,732 രൂപയുമായിരുന്നു ലഭിച്ചിരുന്നത്.

ലിയോയുടെ നേട്ടം വെറും 23 ദിവസങ്ങളിലാണ് എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ, ലിയോയുടെ 28000ത്തിലധികം ടിക്കറ്റുകൾ യുകെയിൽ വിറ്റവെന്ന കണക്കുകൾ പുറത്ത് വന്നിരുന്നു. യുകെയിൽ റോ ഫോമിലാണ് ലിയോയെത്തുക. കട്ടുകളുണ്ടാകില്ല എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണാണെന്നതിനാലാണ് ചിത്രം കട്ടുകളില്ലാതെ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് യുകെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്‍ൻമെന്റ്സ് വ്യക്തമാക്കിയിരുന്നു.