സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുമ്പോഴും പലപ്പോഴും പൊതുവേദികളിലെ വസ്ത്രധാരണത്തിന്റെ പേരിൽ താരം സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകാറുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്ന വസ്ത്രധാരണ വിവാദങ്ങളിലും ട്രോളുകളിലും തികച്ചും തുറന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ ഐശ്വര്യ മനസ്സ് തുറന്നത്.

തുടർച്ചയായ നൈറ്റ് ഷൂട്ടുകൾക്ക് ശേഷമാണ് താൻ ആ പരിപാടിയിൽ പങ്കെടുത്തതെന്നും, കുളിച്ചിട്ട് പകുതിയിൽ വെച്ച് വേഗത്തിൽ ഇറങ്ങി വന്ന് വസ്ത്രം ധരിച്ചതാണോ എന്ന് പലരും ചോദിച്ചതിൽ സത്യമുണ്ടെന്ന് താരം തമാശരൂപേണ ഓർത്തെടുക്കുന്നു. വസ്ത്രത്തിൽ മാറ്റങ്ങൾ വരുത്താനും ഹെയർസ്‌റ്റൈൽ മാറ്റാനും സ്റ്റൈലിസ്റ്റുകളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് ആ ലുക്ക് തിരഞ്ഞെടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു. എന്നാൽ, താൻ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് ആർക്കും വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ആ വസ്ത്രധാരണം ശരിക്കും ഒരു ഫാഷൻ ട്രാജഡിയായിരുന്നുവെന്ന് ഐശ്വര്യ തുറന്നുസമ്മതിക്കുന്നുണ്ട്. “ആ ഡ്രസ്സിന്റെ കാര്യത്തിൽ സംഭവിച്ച പിഴവ് പിന്നീട് എനിക്ക് തന്നെ മനസ്സിലായിരുന്നു. പക്ഷേ ഇത് പുതിയ ഫാഷനാണ്, ഇത് നന്നാവും എന്നൊരു വിശ്വാസത്തിലാണ് ഞാൻ അത് ധരിച്ച് മുന്നോട്ടുപോയത്,” താരം പറയുന്നു. വസ്ത്രത്തിലെ കട്ട്-ഔട്ടുകളും ഡിസൈനുകളും വിചാരിച്ചതിനേക്കാൾ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും, പരിപാടിയിലെത്തിക്കഴിഞ്ഞപ്പോഴാണ് താൻ പാരീസിലല്ല പഴവങ്ങാടിയിലാണ് എന്ന കാര്യം ഓർമ്മ വന്നതെന്നും താരം പറയുന്നു.

പരിപാടിയിലെ ക്യാമറകൾ മുഖത്തിന് പകരം ശരീരഭാഗങ്ങളിലേക്ക് ഫോക്കസ് ചെയ്തത് അസ്വസ്ഥത ഉണ്ടാക്കിയെന്നും, ആ സമയത്ത് കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചതിനെതിരെ ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുകയാണെന്ന രീതിയിൽ കമന്റുകൾ വന്നിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കി. ആ ഡ്രസിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നും, എന്നാൽ മറ്റുള്ളവരുടെ കണ്ണുകൾ എന്താണ് തിരയുന്നതെന്ന് തനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും പറഞ്ഞ താരം തനിക്കെതിരെയുള്ള ട്രോളുകളും കമന്റുകളും കണ്ടിരുന്നുവെന്നും കൂട്ടിച്ചേർത്തു.