‘ഈ മഞ്ഞ സാരിയും ചുരുണ്ട മുടിയും കൂടി ആയപ്പോള്‍ ശരിക്കും ചെറുമി തന്നെ’ ക്രൂരമായ തമാശകളെ കുറിച്ചൊരു കുറിപ്പ്

ഭാര്യയെ പരിഹസിച്ചതിന് ഓസ്‌കര്‍ വേദിയില്‍ വെച്ച് നടന്‍ വില്‍സ്മിത്ത് അവതാരകനായ ക്രിസിനെ അടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിലര്‍ നടനെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അപ്രിയമായ അത്തരം തമാശകള്‍…

lis-lona-fb-post-about-will-smith

ഭാര്യയെ പരിഹസിച്ചതിന് ഓസ്‌കര്‍ വേദിയില്‍ വെച്ച് നടന്‍ വില്‍സ്മിത്ത് അവതാരകനായ ക്രിസിനെ അടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിലര്‍ നടനെ പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അപ്രിയമായ അത്തരം തമാശകള്‍ മനസുകളിലുണ്ടാക്കുന്ന നോവുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ലിസ് ലോന.

ലിസ് ലോനയുടെ കുറിപ്പ് വായിക്കാം

“Leave my wife’s name out of your F***ing mouth “
ഓസ്കാർ വേദിയിൽ ,രോഗാവസ്ഥയിലുള്ള ഭാര്യയുടെ അവസ്ഥയെ ക്രൂരമായൊരു തമാശയാക്കി ചിരിച്ചു തള്ളുന്ന അവതാരകന്റെ കരണക്കുറ്റി നോക്കി പൊട്ടിച്ചതിന് ശേഷം ഈ വർഷത്തെ ഓസ്കാർ ജേതാവ് വിൽ സ്മിത്ത് പറഞ്ഞ വാക്കുകളാണിത്..
അതുവരെയും അവതാരകന് ചിരിച്ചുകൊണ്ട് കയ്യടിച്ചുകൊണ്ടിരുന്ന ജെയ്ഡ സ്മിത്ത് തമാശയെന്ന് അയാൾ കരുതിയ ഡയലോഗിന് കയ്യടിക്കാതെ രണ്ട് കയ്യും കൂട്ടിച്ചേർത്ത് മടിയിലേക്ക് വയ്ക്കുന്നത് കാണാം..
കൃതിമത്വമുള്ള ഒരു ചിരിയോടെ അയാൾ വിളിച്ചുപറയുന്നത് നോക്കികൊണ്ടിരുന്ന വിൽ സ്മിത്തിന്റെയും ഭാര്യയുടെയും
മുഖം മാറുന്നതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്..
പറയുന്നവനും കേൾക്കുന്നവനും ചിരി പൊട്ടുന്ന തമാശ അനുഭവിക്കുന്നവന്റെ തമാശ ആയിക്കൊള്ളണമെന്നില്ലെന്ന് അവരുടെ പ്രസന്നത നഷ്ടപെട്ട മുഖഭാവത്തിലും കണ്ണുകളിലും വ്യക്തമാണ്.
ഏത് വേദിയിലായാലും ,ലോകമറിയുന്ന സെലിബ്രിറ്റിയോ ആരുമറിയാത്ത സാധാരണക്കാരനോ ആരായാലും സ്നേഹിക്കുന്നവരെകുറിച്ചുള്ള അതിര് കടക്കുന്ന തമാശക്ക് മുഖമടച്ച് ഒന്ന് കൊടുക്കണമെന്ന് ആഗ്രഹിക്കും അത് തന്നെയാണ് അദ്ദേഹവും ചെയ്തതെന്നാണ്.. അതിനി എന്തെല്ലാം കുറ്റങ്ങൾ നിരത്തിയാലും.
അങ്ങനൊരു സാഹചര്യം ഉണ്ടായതിനും അങ്ങനെ പെരുമാറിയതിനും അക്കാഡമിയോട് മാപ്പ് ചോദിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിക്കുമ്പോഴും നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ പറയാതെ പറയുന്നുണ്ട് ഏത് രൂപത്തിലായാലും തന്റെ സ്നേഹമാണവളെന്ന്..
താൻ സ്നേഹിക്കുന്നവൾ അസുഖം ബാധിച്ചതുമുതൽ കടന്നുപോകുന്ന മാനസികാവസ്ഥ എന്തെന്ന് കൃത്യമായി അറിയുന്നവന്റെ വാക്കുകളാണത് ..
ഒഴിവാക്കിയേക്ക്, എന്റെ പെണ്ണിന്റെ പേര് നിന്റെ പിഴച്ച വായിൽ നിന്നെന്ന്..
മറ്റൊരാളുടെ ആകാരത്തെയും ഉയരത്തെയും നിറത്തെയും കഷണ്ടിയേയും എന്തിന് അസുഖത്തെവരെയും തമാശയാക്കി അവതരിപ്പിക്കുന്നവർ നമുക്കിടയിലുമുണ്ട്..
അത് അനുഭവിക്കുന്നവർക്കറിയാം ജീവിതത്തിൽ അവർ കടന്നുപോകുന്ന ഓരോ നിമിഷവും എത്രത്തോളം വേദനിപ്പിക്കുന്നതെന്ന്..
നിന്നെക്കണ്ടാൽ കാക്ക നാണിക്കുമല്ലോയെന്നും..
കാറ്റത്ത് പറന്നുപോകണ്ടെന്നും..
നിനക്കുള്ള റേഷൻ എവിടുന്നായെന്നും..
സൂര്യനും ചന്ദ്രനും മാറി മാറി ഉദിച്ചുനിൽക്കുന്നുണ്ടല്ലോയെന്നും..
ഇത്തരം തമാശകൾ ഇനിയുമുണ്ട് കരണം പുകയ്‌ക്കാൻ തോന്നുന്നത്.
പണ്ട് പണ്ടൊരു കുടുംബചടങ്ങിന് പോയി മടങ്ങി വരുമ്പോൾ അത്രമേൽ ജീവനായ ഒരാളെനോക്കി ഒരു ബന്ധു ഈ മഞ്ഞ സാരിയും ചുരുണ്ട മുടിയും കൂടി ആയപ്പോൾ ശരിക്കും ചെറുമി തന്നെയെന്ന് പറഞ്ഞ് കൂട്ടത്തോടെ പൊട്ടിച്ചിരിക്കുന്നതും,
അത് കേട്ട് അവരുടെ കണ്ണുകൾ ഈറനണിയുന്നതും മുഖത്തെ വിയർപ്പ് തുടക്കുന്നത്പോലെ കണ്ണുകളൊപ്പുന്നതും ഇന്നും തെളിച്ചത്തോടെയുണ്ട് മനസ്സിൽ..
കുട്ടിയായിരുന്നതുകൊണ്ട് വാ വിട്ട് ഒന്നും പറയാതിരിക്കാനും പ്രതികരിക്കാതിരിക്കാനും കൈകൾ അമർത്തിപിടിച്ച അവരോടൊപ്പം മനസില്ലാമനസോടെ നടന്ന് നീങ്ങിയതിന്റെ നോവ് ഇപ്പോഴുമുണ്ട്..