അനുരാഗ് കശ്യപിന്‍റെ ആഗ്രഹം നിറവേറ്റി ലോകേഷ് കനകരാജ് ; അരമിനുട്ടില്‍ എല്ലാം തീർത്തു  

ദളപതി വിജയിയും, ലോകേഷ് കനകരാജും ഒന്നിച്ച ലിയോ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ആഗോള ബോക്സോഫീസില്‍ നിന്നും ലഭിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ദളപതി വിജയിയുടെ കടന്നു വരവ് തന്നെയാണ്…

ദളപതി വിജയിയും, ലോകേഷ് കനകരാജും ഒന്നിച്ച ലിയോ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ആഗോള ബോക്സോഫീസില്‍ നിന്നും ലഭിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ദളപതി വിജയിയുടെ കടന്നു വരവ് തന്നെയാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. അതേ സമയം തന്നെ ഏറെ സര്‍പ്രൈസ് വേഷങ്ങളും ചിത്രത്തിലുണ്ട്. അതില്‍ ഒന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെത്.  ചിത്രത്തിൽ ചെറിയൊരു വേഷത്തിലാണ് താരം എത്തിയത്. നേരത്തെയും തമിഴ് സിനിമയില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്. ഇമൈക നൊടികള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തിയത്. എസിപി മാര്‍ട്ടിന്‍ റോയി എന്ന വേഷത്തിലായിരുന്നു അനുരാഗ് ഈ ചിത്രത്തിൽ എത്തിയത്. നയന്‍താരയായിരുന്നു ഈ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയത്. ഒരു സിബിഐ ഓഫീസറായിട്ടാണ് നയന്‍താര ഈ ചിത്രത്തിൽ എത്തിയത്. ഇപ്പോള്‍ ലിയോയിലെ അനുരാഗ് കശ്യപിന്‍റെ  വേഷം കൂടിയാല്‍ അരമിനുട്ട് മാത്രമാണ് ഉള്ളത്. വിജയ് അവതരിപ്പിക്കുന്ന ലിയോയുടെ സംഘത്തിലെ അംഗമായാണ് അനുരാഗ് കശ്യപിനെ കാണിക്കുന്നത്. എന്നാല്‍ വിശ്വാസ വഞ്ചനയുടെ പേരില്‍ കാണിച്ച് അരമിനുട്ടിനുള്ളില്‍ ഈ കഥാപാത്രം കൊല്ലപ്പെടുന്നു. എന്തായാലും കുറേ ട്രോളുകള്‍ ഈ കഥാപാത്രത്തെ മുൻനിർത്തി വരുന്നുണ്ട്. മരിക്കാനാണോ മുംബൈയില്‍ നിന്നും വന്നത് എന്നാണ് പ്രധാനമായി പ്രചരിക്കുന്ന ട്രോള്‍. എന്നാല്‍ ഈ ട്രോളിന് മറുപടി അനുരാഗ് കശ്യപ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നതാണ് സത്യം. തനിക്ക് ലോകേഷുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും. അദ്ദേഹത്തിന്‍റെ ചിത്രത്തിലെ കഥാപാത്രമായി കൊല്ലപ്പെടാനാണ് തനിക്ക് ആഗ്രഹം. കാരണം ലോകേഷ് തന്‍റെ കഥാപാത്രങ്ങള്‍ക്ക് ഗംഭീര മരണം നല്‍കുമെന്നുമാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞത്. ഇക്കാര്യം വെളിപ്പെടുത്തിയ അഭിമുഖം കേട്ടിട്ടാകണം ലിയോയിലേക്ക് ലോകേഷ് തന്നെ ക്ഷണിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. തനിക്ക് ലോകേഷ് നല്ല സ്വീകരണമാണ് നൽകിയതെന്നും താരം വ്യക്തമാക്കി. ലോകേഷ് കനകരാജ് എന്നെ ഫോൺ വിളിച്ചു. അഭിമുഖത്തിൽ പറഞ്ഞത് തമാശയാണോ എന്ന് ചോദിച്ചു. അല്ലെന്നും ചെറിയൊരു മരണരംഗത്തിൽ അഭിനയിക്കണമെന്നും ഞാൻ മറുപടി നല്‍കി.

അത്തരത്തിൽ ഒരു ചെറിയ മരണരംഗം സിനിമയില്‍ ഉണ്ടെന്നും എന്നെ വിളിച്ചത് അതിനാണെന്നും ലോകേഷ് പറഞ്ഞു. മൂന്ന് മണിക്കൂറിനുള്ളിൽ രം​ഗം അവര്‍ പൂര്‍ത്തിയാക്കി. ചെറുതെങ്കിലും എനിക്കത് മികച്ച വേഷമാണ്. നല്ല രീതിയിലാണ് അവര്‍ എന്നെ പരിഗണിച്ചത്. ലിയോ എനിക്ക് മികച്ച അനുഭവമായിരുന്നു എന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. ആഗ്രഹിച്ചത് പോലെ തന്നെ ലോകേഷ് സിനിമയില്‍ കൊല്ലപ്പെടുന്ന കഥാപാത്രമായിരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോൾ. പക്ഷെ അദ്ദേഹത്തിന്‍റെ ചിത്രത്തിലെ കഥാപാത്രത്തിന് അര്‍ഹമായ പ്രധാന്യവും, മരണത്തിന് അദ്ദേഹം അഗ്രഹിച്ച ഗ്ലോറിഫിക്കേഷനും ലഭിച്ചോ എന്നത് സോഷ്യല്‍ മീഡിയയില്‍ സംശയമായി ഇപ്പോഴും ഉയരുന്നുണ്ട്. അനുരാ​ഗ് കശ്യപിനെപ്പോലൊരു താരത്തെ ലോകേഷ് വേണ്ട രീതിയിൽ ഉപയോ​ഗിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്. അതേസമയം  ബോക്സോഫീസിൽ ​ഗംഭീര കുതിപ്പാണ് ലിയോ നടത്തുന്നത്. ആദ്യദിനം 148.5 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയോളം രൂപ സ്വന്തമാക്കി. 2023 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവുമധികം ആ​ഗോളകളക്ഷൻ നേടിയ ചിത്രമാണ് ലിയോ. രണ്ടാം ദിവസത്തെ കളക്ഷൻ കൂടി പുറത്തു വന്നതോടെ നൂറു കോടിയിലധികം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുകയാണ് ലിയോ. പ്രീബുക്കിങ്ങിലൂടെയും മികച്ച നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍. അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.