ബോളിവുഡിലെ ഖാൻമാർക്ക് പോലും സ്വപ്നം കാണാനാവില്ല; ലോകേഷ് ചിത്രത്തിനായി രജനി വാങ്ങുന്ന പ്രതിഫലം

ലോകേഷ് കനകരാജ് – രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന തലൈവർ 171 ന്റെ പുതിയ അപ്‌ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനായി സൂപ്പർ സ്റ്റാർ വാങ്ങുന്ന പ്രതിഫലമാണ് തമിഴ് സിനിമ ലോകത്തെ ചർച്ച. 280 കോടി രൂപയാണ് രജനികാന്ത് ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ രജനികാന്ത് ഒന്നാമതെത്തുമെന്നാണ് വിവരങ്ങൾ. രാഘവ ലോറൻസ്, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിംഗപ്പൂർ, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. തലൈവർ 171-ന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

തലൈവർ 171 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹമെന്നും ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.