ഇതൊന്നും എന്റെ മാത്രം കഴിവല്ല ; മേക്കോവറുകളെപ്പറ്റി നടൻ സിദ്ധിഖ് 

ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടന്മാരിൽ ഒരാളാണ് നടൻ സിദ്ദിഖ്. കഴിഞ്ഞ 30 വർഷത്തിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സിദ്ദിഖ്. നായകൻ, സ്വഭാവ നടൻ, വില്ലൻ, ഹാസ്യ നടൻ…

ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടന്മാരിൽ ഒരാളാണ് നടൻ സിദ്ദിഖ്. കഴിഞ്ഞ 30 വർഷത്തിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സിദ്ദിഖ്. നായകൻ, സ്വഭാവ നടൻ, വില്ലൻ, ഹാസ്യ നടൻ എന്നിങ്ങനെ എല്ലാത്തരം വേഷങ്ങളിലും സിദ്ദിഖ് തിളങ്ങിയിട്ടുണ്ട്. അടുത്തിടെ സിദ്ദിഖ് പങ്കുവച്ച നടന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. തലമുടി പൂർണമായും വടിച്ച്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അൽപം താടിയൊക്കെ വെച്ചുള്ള ലുക്കാണ് വൈറലായി മാറിയത്. സിനിമകളിലാണെങ്കിൽ പോലും ഓരോ ചിത്രത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിദ്ദിഖ് എത്താറുള്ളത്. ഇപ്പോഴിതാ തന്റെ രൂപ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. രൂപ മാറ്റത്തിനു ശ്രമിക്കുന്നത് മനപൂർവമാണ്. എന്റെ ലൂക്കിന് ഒരുപാടു പരിമിതികൾ ഉണ്ട് പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല. പ്രേക്ഷകർക്ക് എന്ന മടുക്കുമോ എന്ന പേടി കൊണ്ടാണു സിനിമയിലെ ലുക്സ് മാറ്റാറുള്ളത്. സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി രൂപം മാറ്റാനുള്ള പരീക്ഷണങ്ങൾ ചെയ്യും. പൊലീസ് കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോഴാണു പെട്ടു പോവുക. നടത്തത്തിലും സംഭാഷണത്തിലും മാത്രമല്ലേ വ്യത്യാസം കൊണ്ടു വരാൻ പറ്റൂ. ഇതൊന്നും എന്റെ മാത്രം കഴിവല്ല മേക്കപ്മാന്റെയും കോസ്റ്റുമറുടെയുമൊക്കെ ക്രിയേറ്റിവിറ്റിയ്ക്കാണ് നന്ദി പറയേണ്ടത് എന്നും സിദ്ദിഖ് പറയുന്നു. അതേസമയം പൊതു വേദികളിൽ യാതൊരു മേക്കോവറുകളുമില്ലാതെ വെള്ള മുണ്ടും ഷർട്ടുമായി മാത്രമാണ് സിദ്ദിഖ് എത്താറുള്ളത്. അതിന്റെ കാരണവും നടൻ പങ്കുവച്ചു. ക്യാമറയ്ക്കു മുന്നിൽ എന്തു കൃത്രിമത്വവും കൊണ്ടു വരാം. എന്നാൽ പൊതു വേദിയിൽ അതിന്റെ ആവശ്യം ഇല്ല. അതു കൊണ്ടാണ് വിഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ഇട്ടു വരാറുള്ളത്. വിഗ് വച്ചും വയ്ക്കാതെയും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന്റെ ആത്മ വിശ്വാസമാണോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആത്മ വിശ്വാസത്തെക്കാൾ പൊതു വേദിയിൽ വിഗ് വച്ചു വന്നാൽ മറ്റുള്ളവർ പരിഹസിക്കും എന്ന തോന്നലെനിക്കുണ്ട്. അതില്ലാതാക്കാനാണ് ഇങ്ങനെ നടക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തിൽ സംസാരിച്ചു. എന്റെ അനുഭവങ്ങൾ കേൾക്കാൻ മക്കൾക്ക് ഇഷ്ടമാണ്. അവർ വെറുതെ കേൾക്കുകയല്ല, മനസ്സിലേക്ക് എടുക്കുകയാണെന്നു സിനിമാ താരം കൂടിയായ  മകൻ  ഷഹീന്റെ ചില അഭിമുഖങ്ങൾ കണ്ടപ്പോഴാണ് മനസിലായത്. എന്റെ അത്തരം സംസാരങ്ങൾ അവരിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

അവൻ സിനിമയിൽ ശ്രദ്ധിക്കപ്പെടും എന്നാണു പ്രതീക്ഷ. ഞാൻ സിനിമയോടു കാണിക്കുന്ന പാഷൻ അവനും കാണിക്കുന്നുണ്ട്. വൈകുന്നേരം വീട്ടിലെത്തി കുടുംബത്തിനൊപ്പം കഴിയാൻ പറ്റുന്ന ജോലിയാണ് ഏറ്റവും നല്ല ജോലി എന്നാണ് എന്റെ വിശ്വാസം. വീട്ടിലെത്തി ചായയും കുടിച്ചു ചാരു കസേരയിൽ ഇരിക്കുന്നതാണ് ഏറ്റവും വലിയ രസം. ഒരുപാട് ഹോട്ടൽ മുറികളിൽ പതു പതുത്ത മെത്തയിൽ കിടന്നുറങ്ങിയിട്ടുണ്ടെങ്കിലും എന്റെ കിടപ്പു മുറിയിൽ കിടന്നുറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടാറില്ല. വീട്ടിലെത്തിയാൽ മക്കളോട് സംസാരിച്ചിരിക്കാനാണ് ഇഷ്ടം.  പിന്നെ സിനിമ കാണാനും. ഭാര്യ സീനയ്ക്കും മകൻ റാഷിനുമെല്ലാം സിനിമ തന്നെയാണ് ഇഷ്ടം മകൾ ഫർഹീൻ യുകെയിൽ ഉപരി പഠനത്തിനായി തയാറെടുക്കുന്നു. ഷഹിന്റെ വിവാഹം കഴിഞ്ഞു. അമൃതയാണ് ഭാര്യ, സിദ്ദിഖ് പറഞ്ഞു. ഏത് കഥാപാത്രത്തെ നൽകിയാലും തന്റെ നൂറ് ശതമാനം കൊടുക്കുന്ന സിദ്ദിഖിന് മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ട്. ഇപ്പോഴും വ്യത്യസ്‍ത വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് സിദ്ദിഖ്. വോയ്‌സ് ഓഫ് സത്യനാഥനാണ് സിദ്ദിഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം, നേര് എന്നീ സിനിമകളടക്കം ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി അണിയറയിൽ ഉണ്ട്.