പ്രത്യേക തീറ്റയൊന്നും കൊടുത്തില്ല!! കൃഷിയും ഏലയ്ക്കായും ഒക്കെ തിന്നുതീര്‍ത്തു, ഒടുവില്‍ പശുവിനെ തന്നെ വില്‍ക്കേണ്ടി വന്നു- മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡ് വിതരണത്തിനിടെ താരം പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം ഹയ്യാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങി കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടിയാണ് അവാര്‍ഡ് വിതരണം ചെയ്തത്.

കതിര്‍ അവാര്‍ഡിന് വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താനും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്ന ആളാണ്. കതിര്‍ അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് കഷ്ടപ്പാടിന്റെ കഥകളുണ്ടെന്നും മമ്മൂക്ക പറഞ്ഞു. അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് താരം പറഞ്ഞു.

തന്റെ കൃഷി തിന്നതിന് താന്‍ പശുവിനെ തന്നെ വിറ്റിട്ടുണ്ടെന്നും മമ്മൂക്ക രസകരമായി വേദിയില്‍ പറഞ്ഞു. ഞാന്‍ പശുവിന് പ്രത്യേകം തീറ്റയൊന്നും വാങ്ങിക്കൊടുത്തില്ല. വല്ല പുല്ലൊക്കെ കഴിക്കട്ടെയെന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പശുവാകട്ടെ ഒടുവില്‍ തന്റെ കൃഷിയും ഏലയ്ക്കായും ഒക്കെ കടിച്ചുതിന്നാന്‍ തുടങ്ങി. അതോടെ അതിനെ വില്‍ക്കേണ്ടി വന്നെന്നും മമ്മൂക്ക പറയുന്നു.

മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങള്‍, കണ്ടുവളര്‍ന്ന കൃഷി എന്നിവയെ കുറിച്ചെല്ലാം സംസാരിക്കാന്‍ കഴിയുന്നത് ഇത്തരം വേദികളിലാണ്. ഇങ്ങനൊരു വേദി ഒരുക്കുന്നതില്‍ കൈരളിയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം തനിക്കും സന്തോഷമുണ്ട്.

അവാര്‍ഡ് ജേതാക്കള്‍ അത്ഭുതകരമായ വ്യക്തികളാണ്. ഒരുപാട് വിജയികളെ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വിജയിച്ച, ജീവിത സാഹചര്യങ്ങള്‍ മാറ്റിമറിച്ച, അത്ഭുതം സൃഷ്ടിച്ച നിരവധി പേരെ കാണാറുണ്ട് അംഗീകരിക്കാറുണ്ട്. പക്ഷേ അവര്‍ പിന്നിട്ട വഴികള്‍ അവരുടെ അധ്വാനം, ത്യാഗം, പരിശ്രമമൊക്കെ അവരില്‍ നിന്നും നേരിട്ട് അറിയണം. എത്ര വര്‍ഷകാലം കൊണ്ടാണ് ഈ നിലയില്‍ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുന്നത് അവിടെയാണ്.

കഠിനാധ്വാനവും പരിശ്രമവും, എത്ര പരാജയപ്പെട്ടാലും പരിശ്രമിച്ച് കയറി വിജയിച്ചവരുമാണ് ഇവിടുത്തെ ജേതാക്കള്‍. വൈറ്റ് കോളര്‍ ജോലികള്‍ നോക്കുന്നവര്‍ക്ക് വലിയ മാതൃകയാണ് അവര്‍. വലിയ പാടമോ സ്ഥലമോ അല്ല, കൃഷി ചെയ്യാനുള്ള മനസാണ് പ്രധാനം. ചെടി വളരുന്നതും പൂവിടുന്നതും കാണാനും അത് പറിച്ച് മറ്റൊരാള്‍ക്ക നല്‍കാനും മനസുണ്ടാവണം. മറ്റാരോ ഒക്കെ മണ്ണില്‍ പണിയെടുത്ത ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നത്. അവര്‍ ചേറില്‍ കാല്‍വയ്ക്കുന്നത് കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്. കൃഷി ചെയ്യാന്‍ മനസുണ്ടാകണമെന്നും മമ്മൂട്ടി വ്യക്തമാക്കി.