യഥാര്‍ഥ സുധി തന്നെയാണ് ചിത്രത്തിലും!!! ദീപക്കിനെ അഭിനന്ദിച്ച് സുധിയുടെ ഭാര്യ

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. യഥാര്‍ഥ സംഭവമാണ് ചിദംബരം സിനിമയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സും ചിത്രം കാണാന്‍ എത്തിയിരുന്നു. തങ്ങളുടെ ജീവിതം തന്നെയാണ് കണ്ടതെന്ന് അവര്‍ പറഞ്ഞിരുന്നു.

2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ സംഘത്തിലൊരാള്‍ ഗുണകേവില്‍ അകപ്പെട്ടതും തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ സിനിമയില്‍ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് പറമ്പോലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

യഥാര്‍ഥ സുധിയുടെ ഭാര്യ ദീപക്കിനെ നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ്. അക്കാര്യമാണ് ദീപക് പങ്കിട്ടിരിക്കുന്നത്. അവര്‍ തനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ദീപക് പറമ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ചിത്രം കണ്ടുവെന്നും ഗംഭീരമായിട്ടുണ്ടെന്നും സുധിയുടെ ഭാര്യ പറയുന്നു. സിനിമയില്‍ സുധി എങ്ങനെയാണോ അതുപോലെയാണ് യഥാര്‍ത്ഥത്തിലും. സുധിക്ക് ചന്ദനക്കുറി നിര്‍ബന്ധമാണെന്നും അവര്‍ നടന് അയച്ച സന്ദേശത്തില്‍ പറയുന്നു. നേരത്തേ സുധിക്കൊപ്പം നില്‍ക്കുന്നതും സുധിയുടെ വേഷത്തിലുള്ളതുമായ ചിത്രങ്ങള്‍ ദീപക് പറമ്പോല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ഫെബ്രുവരി 22-നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളില്‍ എത്തിയത്.