എനിക്ക് ദിലീപേട്ടന്‍ മാത്രമാണ് സുഹൃത്ത്, തുറന്ന് പറഞ്ഞ് മീര ജാസ്മിന്‍

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് നടി മീര ജാസ്മിന്‍ സിനിമാലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു. സ്ത്രീപ്രാധാന്യമുള്ള സിനിമകളാണ് മീരയ്ക്ക് തുടര്‍ച്ചയായി ലഭിച്ചത്. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മീര. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മിന്‍. തിരിച്ചുവരവില്‍ വലിയ സ്വീകരണം തന്നെയാണ് മീരയ്ക്ക് മലയാളികള്‍ കൊടുത്തത്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മീരയുടെ വാക്കുകള്‍-

എന്റെ മനസ്സിലുള്ള സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശരി. എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു , അത് കരിയര്‍ ആണെങ്കിലും അതെന്റെ പേഴ്സണല്‍ ലൈഫില്‍ ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല.
ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. അതുപോലെ സിനിമ ഇല്ലെന്നു പറയാന്‍ ഒരു നാണക്കേട് ഉണ്ടായിരുന്നു. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്. ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണെങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തയുടെ ആവശ്യമില്ല. അതേസമയം എനിക്ക് സിനിമയില്‍ അത്ര വലിയ സുഹൃത്തുക്കളൊന്നും ഇല്ല, ഉണ്ടെന്നു പറഞ്ഞാല്‍ അത് ദിലീപേട്ടന്‍ ആണ്.