സുഹൃത്തിന് നെല്ലിന്റെ പണം ലഭിച്ചിട്ടില്ലെന്ന് നടന്‍ ജയസൂര്യ, കടമെടുത്ത് പണം നല്‍കിയെന്ന് മന്ത്രി

സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം കിട്ടാനായി കര്‍ഷകര്‍ പട്ടിണി കിടക്കുന്നുവെന്ന് വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷി മന്ത്രി പി. പ്രസാദ് രംഗത്ത്. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ പങ്കെടുത്ത പരിപാടിയിലാണ് കൃഷി മന്ത്രി പി…

സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം കിട്ടാനായി കര്‍ഷകര്‍ പട്ടിണി കിടക്കുന്നുവെന്ന് വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷി മന്ത്രി പി. പ്രസാദ് രംഗത്ത്. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ പങ്കെടുത്ത പരിപാടിയിലാണ് കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെതിരെ ജയസൂര്യ വിമര്‍ശിച്ചത്.

കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസിലാക്കണം. തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറ് മാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോയില്‍ നിന്ന് പണം ലഭിച്ചിട്ടില്ല.

തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാനായിട്ട്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസിലാക്കണം.

തിരുവോണ ദിവസവും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.

കേരളം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് ഇത്രയും സഹായം നല്‍കുന്നതെന്ന് മന്ത്രി പി. പ്രസാദ് മറുപടി പറഞ്ഞു. ജയസൂര്യ നല്ല നടനാണ്, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോള്‍ കടമെടുത്ത് പണം നല്‍കി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ജയസൂര്യ ഉന്നയിച്ചത്. ഇതിനു പിന്നില്‍ കൃത്യമായ തിരക്കഥയുണ്ട്. ഇറങ്ങും മുന്‍പേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും വിമര്‍ശിക്കുന്നതിനു മുന്‍പ് യാഥാര്‍ഥ്യം മനസിലാക്കാന്‍ ജയസൂര്യ ശ്രമിക്കണമെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.