‘അങ്ങനെയൊരുബന്ധം എനിക്ക് കാണാന്‍ കഴിയുന്നില്ല’; ‘ആര്‍ആര്‍ആര്‍’ വിവാദത്തില്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ കീരവാണി

രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഒരു ഗേ ലൗ സ്റ്റോറിയാണെന്ന റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ…

രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഒരു ഗേ ലൗ സ്റ്റോറിയാണെന്ന റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ സംഗീത സംവിധായകനായ എം.എം. കീരവാണി.‘അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ കുറച്ച് മോശമായിരിക്കാം, പക്ഷേ റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ എല്ലാവരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എനിക്ക് ആര്‍ആര്‍ആറില്‍ രാമിന്റെയും ഭീമിന്റെയും കഥാപാത്രങ്ങളെ അങ്ങനെ കാണാന്‍ കഴിയില്ല. കാരണം എനിക്ക് ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞത് തട്ടിക്കൊണ്ടുപോയ മകള്‍ മല്ലിക്കായി ഒരു ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന ഒരമ്മയെയാണ്. അത് എന്റെ കാഴ്ചയുടെ കുഴപ്പമാകാം. എന്റെ കാഴ്ച ഉടന്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നാണ് കീരവാണി ട്വീറ്റ് ചെയ്തത്.

എന്നാല്‍ കീരവാണിയുടെ ട്വീറ്റ് സിനിമാ മേഖലയില്‍ വന്‍ ചര്‍ച്ചയായി. ഇതോടെ കീരവാണി തന്റെ പോസ്റ്റ് സോഷ്യല്‍മീഡിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബാഹുബലിയുടെ നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദയും റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

‘അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ, ഒരു സ്വവര്‍ഗ്ഗ പ്രണയകഥ എങ്ങനെയാണ് മോശമാകുന്നത്. നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്’ എന്നാണ് ഷോബു യാര്‍ലഗദ്ദ റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചത്.

ആര്‍ആര്‍ആറിനെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി ആയിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്. ‘കഴിഞ്ഞദിവസം രാത്രി ‘ആര്‍.ആര്‍.ആര്‍’ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു’ എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്.

‘ആര്‍.ആര്‍.ആര്‍.’ ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമാണ്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് ഇതിന് മറുപടിയായി റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.