‘ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാണ്’ എന്നൊരു പഴഞ്ചൊല്ലുണ്ട്… അത് വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ താര രാജാക്കന്മാരില്‍ ഒരാളായ മോഹന്‍ ലാലിന്റെ വിജയം. ലാലേട്ടന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. എന്നാല്‍, ഈ സിനിമ മമ്മൂട്ടിയെ മനസ്സില്‍ കണ്ടു മാത്രം തുടങ്ങിയ ഒന്നായിരുന്നു.
ഇക്കാര്യം തമ്പി കണ്ണന്താനവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും മുന്‍പും പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗാന രചയിതാവും തിരക്കഥാ കൃത്തുമായ ഷിബു ചക്രവര്‍ത്തി.
മമ്മൂട്ടിക്കായി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാഞ്ഞതുകൊണ്ടു മാത്രം ആ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുക ആയിരുന്നുവെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. അതിനും തക്കതായ കാരണം ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആറോ ഏഴോ ചിത്രമായിരുന്നു ആ സമയത്ത് ഒരുപോലെ പൊളിഞ്ഞത്. അപ്പോഴാണ് അടുത്ത പടവുമായി തമ്പി കണ്ണന്താനം എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹന്‍ലാലിന് ആയിരുന്നു.
അക്കാലത്ത് ചിരിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ഇമേജില്‍ ഒരിക്കലും ഒരാളും രാജാവിന്റെ മകന്‍ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. കാരണം അതു വരെ ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു മോഹന്‍ലാല്‍ ചെയ്തത്.
എന്നാല്‍ രാജാവിന്റെ മകനില്‍ വന്നപ്പോള്‍ ഒരേയൊരു സീനില്‍ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. എന്നാല്‍, ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമാകുകയായിരുന്നു. മോഹന്‍ലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് ഉള്ളതിന്റെ തുടക്കമായിരുന്നു.
അങ്ങനെ, അക്കാലത്ത് നിറഞ്ഞു നിന്നിരുന്ന മമ്മൂട്ടിയില്‍ നിന്നും പിന്നീടുള്ള സംവിധായകര്‍ക്ക് മോഹന്‍ ലാലിലേയ്ക്ക് മാറി ചിന്തിക്കാനുള്ള ഒരവസരം അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് മോഹന്‍ലാലിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി അദ്ദേഹം അരങ്ങിലേയ്ക്ക് എത്തപ്പെടുകയായിരുന്നു.
