സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും!! പ്രിയ സഹോദരന് വേദനയോടെ വിട നല്‍കി മോഹന്‍ലാല്‍

അന്തരിച്ച സംവിധായകന്‍ സംഗീത് ശിവനെ ഓര്‍മ്മിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ സംഗീത് ശിവന്‍ എന്ന മഹാപ്രതിഭയെ കലാകേരളം എന്നും ആദരവോടെ ഓര്‍ക്കും. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളുമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവന്‍, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹ സമ്പന്നനായ ഒരു സഹോദരന്‍ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞത്, അവയുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

മോഹന്‍ലാല്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത് സംഗീത് ശിവനാണ്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സംഗീത് ശിവന്‍ വിടപറഞ്ഞത്. ബോൡവുഡിലെയും ശ്രദ്ധേയനായ സംവിധായകനാണ് സംഗീത് ശിവന്‍.
2017ല്‍ പുറത്തിറങ്ങിയ ഇ ആണ് അവസാന മലയാളം ചിത്രം.