വിഘ്‌നേഷ് സിനിമയിൽ നിന്നും നയൻതാര പിന്മാറുമോ ;  നിർമാതാവിന് ആദ്യം തൊട്ടേ താല്പര്യമില്ല

തെന്നിന്ത്യയിൽ ഏറെ ജനശ്രദ്ധ നേടിയ താര ദമ്പതികളാണ്  ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ,ഭർത്താവ് വിഘ്നേഷ് ശിവനും.  സംവിധായകൻ എന്ന ടൈറ്റിലിൽ മാത്രം വിഘ്നേഷിനെ ചുരുക്കാനാവില്ല. സകലകലാവല്ലഭനായ താരം ​തിരക്കഥാകൃത്ത്, ​ഗാനരചന തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.  വിഘ്‌നേശ്അ ജിത്തിന്റെ എകെ 62 എന്ന ചിത്രം സംവിധാനം ചെയ്യാൻ  കമ്മിറ്റ് ചെയ്തിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വിക്കിയെ ചിത്രത്തിൽ നിന്ന് മാറ്റി. നിർമാതാക്കളും വിക്കിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്  ഇതിനെ കാരണം. അജിത്ത് സിനിമയിൽ നിന്നും പുറത്ത് വന്നതിനു ശേഷം വിഘ്‌നേശ്  ഏറെ നാളായി നിർമ്മാണവും നയൻതാരയുടെ ബിസിനസും ​,ഗാനരചനയുമെല്ലാമായി തിരക്കിലായിരുന്നു.

എന്നാൽ  അടുത്തിടെ സംവിധാനം ചെയ്യാതെ മാറ്റിവെച്ചിരുന്ന ഒരു കഥ വിക്കി പൊടിതട്ടിയെടുത്തു. ‘എൽഐസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനെയായിരുന്നു ആദ്യം വിക്കി തീരുമാനിച്ചിരുന്നത്. ഇപ്പോൾ അതുമാറി ലവ് ടുഡേ ഹീറോയും സംവിധായകനുമായ പ്രദീപ് രംഗനാഥനെ നായകനാക്കിയാണ് വിഘ്നേഷ് ശിവൻ എൽഐസി സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ നായികയായി  കൃതി ഷെട്ടിയാണ് തീരുമാനിച്ചിരുന്നത്  കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങളും വിഘ്നേഷ് പങ്കുവെച്ചിരുന്നു. എസ്‌ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. മാത്രമല്ല നയൻതാരയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പ്രദീപിന്റെ മൂത്ത സഹോദരിയുടെ വേഷത്തിലാണ് നയൻസ് അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ നയൻതാര ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്.

ജവാന് ശേഷം നയൻതാര തന്റെ പ്രതിഫലം 12 കോടിയായി ഉയർത്തിയിരുന്നു. അതേ തുക തന്നെയാണ് എൽഐസിയിൽ അഭിനയിക്കുന്നതിനും താരം ആവശ്യപ്പെട്ടത. എന്നാൽ ഇത്രയും തുക നൽകിയാൽ സിനിമയുടെ ബജറ്റ് കൂടുമെന്നതിനാൽ നയൻതാരയ്ക്ക് പകരം മറ്റൊരു നടിയെ കാസ്റ്റ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാവ് ലളിത്  വിക്കിയെ ഉപദേശിച്ചിരുന്നു. ഇതോടെ നയൻതാര പ്രതിഫലം കുറച്ച് സിനിമയിൽ അഭിനയിക്കുമോ അതോ പിന്മാറുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരാനും തുടങ്ങി. അതിനിടയിലാണ് നയൻതാര സിനിമയിൽ നിന്നും പിന്മാറിയെന്ന് ഇപ്പോൾ  റിപ്പോർട്ട് പ്രചരിക്കുന്നത്. അതുപോലെ തന്നെ സിനിമയുടെ പേര് മാറ്റണം എന്ന് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അടുത്തിടെ വന്ന നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. വിഘ്‌നേഷ് ശിവനോ ടീമോ ഇതില്‍ പ്രതികരിച്ചിട്ടില്ല.