വേടൻ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരൻ, സാഹചര്യങ്ങൾ തിരുത്തി വേടൻ തിരിച്ചുവരണം; എകെ ശശീന്ദ്രന്‍

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണ്. സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു വിശദീകരണം തേടുമെന്നും എ കെ ശശീന്ദ്രൻ. വിവാദം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടന്‍ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകുമെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു.

വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിഷയം സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇപ്പോൾ വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതിൽ ഞാൻ നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ചു.മാധ്യമങ്ങളും, സോഷ്യൽ മീഡിയയും സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും, വനം മന്ത്രിയും ഈ കേസില്‍ ചെയ്യുന്നുവെന്ന നിലയില്‍. വാർത്തകൾ സൃഷ്ട്ടിച്ചു.

ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസകള്‍ നേരുന്നു. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും.  സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇപ്രകാരം അപൂര്‍വ്വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കാനിടയാക്കിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.