അയ്യപ്പന്‍ തുണയ്ക്കുമോ…? വിവാദങ്ങള്‍ക്ക് അവധി നല്‍കി ദിലീപ് ശബരിമലയില്‍

വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജര്‍ക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്പയില്‍ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയും തുടരന്വേഷണവും വധഗൂഢാലോചന കേസുമടക്കം നിയമപോരാട്ടങ്ങളും തുടരവേയാണ് ദിലീപിന്റെ ശബരിമല ദര്‍ശനം.

വൈകിട്ട് പമ്പയിലെത്തിയ ദിലീപ് കാല്‍നടയായി രാത്രിയോടെ സന്നിധാനത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദര്‍ശനം നടത്തിയത്. മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും.

 

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നടത്തി വരുന്ന ശ്രമങ്ങളും തുടരുകയാണ്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന്റെ സ്വാധീനവും ഇതുവരെ ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

അതേസമയം, നടി കാവ്യാ മാധവനെ അടുത്ത ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെ ദിലീപിന്റെ ജാമ്യം റദ്ദക്കാനുള്ള നീക്കം നിര്‍ണ്ണായകമാകും.

അവസാനമായി പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ കാവ്യ മാധവന് ആക്രമണത്തിന് ഇരയായ നടിയോട് മുന്‍വൈരാഗ്യം തോന്നിയിരുന്നതായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ കാവ്യയുടെ പങ്ക് തെളിഞ്ഞാല്‍ കേസ് മറ്റൊരു ദിശയിലേയ്ക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

ഇതിനിടെ, ദിലീപിനെ വിട്ട് ഇപ്പോള്‍ എല്ലാവരും കാവ്യയ്ക്ക് പിന്നാലെയാണ്. കാവ്യയുടെ ജീവിതം തകര്‍ന്നത് താന്‍ കാരണമാണെന്ന ആക്ഷേപത്തിലുള്ള കുറ്റബോധം കൊണ്ട് താന്‍ മൂലം തകര്‍ന്ന കാവ്യയെ തിരിച്ചുപിടിക്കാനായിരുന്നു ഈ വിവാഹം എന്ന് ദിലീപ് പറയുമ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപ് മഞ്ജുവിനെ ഉപേക്ഷിച്ചതു തന്നെ കാവ്യയെ കണ്ടുകൊണ്ടാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ ഏറെയും.

ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനൊപ്പം തന്നെ കാവ്യയ്ക്കും പങ്കെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജുവിന്റെ ജീവിതം തകര്‍ത്ത കാവ്യയോടുള്ള കലിപ്പ് എന്ന തരത്തിലാണ് എല്ലാവരും പ്രതികരിക്കുന്നത്. ആ മനോഹര രൂപത്തിനുള്ള പതിയിരുന്നത് ഇത്രയേറെ ക്രൂരതകളായിരുന്നോ എന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദം രേഖയില്‍ നിന്നും നടി കാവ്യ മാധവനും കേസില്‍ പങ്കുണ്ടെന്നത് വ്യക്തമായി.