പഹൽഗാം ഭീകരാക്രമണം : കേരളത്തിലെ 14 ജില്ലകളിൽ നാളെ മോക് ഡ്രിൽ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക.

നാളെ വൈകീട്ട് നാല് മണിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക് ഡ്രില്ലുകൾ ആരംഭിക്കും. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. കേരളത്തിന് പുറമെ രാജ്യത്തെ മറ്റു 259 ഇടങ്ങളിലും നാളെ മോക് ഡ്രില്ലുകൾ നടത്തും. എയർ റെയിഡ് സൈറൻ സ്ഥാപിക്കൽ, അടിയന്തര ഒഴിപ്പിക്കൽ നടപടികൾ, സുരക്ഷാ മാര്‍ഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള പൊതുജന പരിശീലനം എന്നിവ മോക് ഡ്രില്ലുകളുടെ ഭാഗമായി ഉണ്ടായിരിക്കും.