“ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി” മറുപടി കുറിപ്പ് വൈറല്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിത്യാദാസ്. വിവാഹ ശേഷം സിനിമാ മേഖലയില്‍ സജീവല്ലെങ്കിലും താരം ഇപ്പോള്‍ വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. താരത്തിന്റെ മേക്ക്ഓവറും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അടുത്തിടെ നിത്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മോഡേണ്‍ ഡ്രസ്സിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിരുന്നു. പ്രശംസയോടൊപ്പം ഒരുപാട് മോശം കമന്റുകളും നിത്യയ്ക്ക് നേരിടേണ്ടി വന്നു. മൊത്തം മേക്കപ്പാ, അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്?, ഇവള്‍ക്ക് നാണമില്ലേ?, കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവള്‍ക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ വയ്യേ? ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്, മുഖത്ത് നല്ല പ്രായം ഉണ്ട്….അത്കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല,

എന്നൊക്കെയായിരുന്നു ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍. ഈ കമന്റുകള്‍ എല്ലാം ശ്രദ്ധയില്‍പ്പെട്ട റോസ് ടോണി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അവരുടെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു. പെണ്ണുങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വെറും മതില് ചാട്ടമായി കാണാതിരിക്കാന്‍ ശ്രമിക്കൂ.. ചില പെണ്ണുങ്ങള്‍ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും നല്ല ഭംഗിയില്‍ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോള്‍ നമ്മുടെ ചില പ്രത്യേക തരം ആളുകള്‍ക്ക് ഒരു വല്ലാത്ത ചൊറിച്ചില്‍ വരുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കും? ഇവര്‍ക്കൊക്കെ ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും? ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്….

പ്രസവം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങി നടക്കുവാന്‍ പാടില്ല എന്ന്? അവര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാന്‍ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കില്‍ അത് അവരുടെ ഭര്‍ത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്? ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയില്‍ വന്നിരിക്കുന്ന കമന്റ്സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്. എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍… നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്. അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികള്‍ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനില്‍ പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്.

ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലില്‍ നിന്നുമാണ് പെണ്ണുങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവര്‍ക്ക് മനസിലാകില്ല. അല്ല അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങള്‍ക്കില്ല….’ എന്നിങ്ങനെയായിരുന്നു റോസ് ടോണി കുറിപ്പിലൂടെ പ്രതികരിച്ചത്. റോസ് ടോണിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.