എന്‍ടിആറിന്റെ മകൾ ഉമാ മഹേശ്വരി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍

നടനും രാഷ്ട്രീയ നേതാവുമായ എന്‍ ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉമാ മഹേശ്വരി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ…

നടനും രാഷ്ട്രീയ നേതാവുമായ എന്‍ ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉമാ മഹേശ്വരി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചായിരുന്നു മഹേശ്വരിയുടെ അന്ത്യം. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

‘പ്രാഥമിക അന്വേഷണമനുസരിച്ച്, അനാരോഗ്യം കാരണം അവര്‍ വിഷാദത്തിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു,’ ജൂബിലി ഹില്‍സ് പോലീസ് ഉദ്യോഗസ്ഥന്‍ രാജശേഖര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാപകനായ എന്‍ടിആറിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഉമ. എന്‍ടിആര്‍ എന്നറിയപ്പെടുന്ന എന്‍ടി രാമറാവു 1982-ല്‍ തെലുങ്ക് ദേശം പാര്‍ട്ടി രൂപീകരിക്കുന്നത്. ഒമ്പത് മാസത്തിനുള്ളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. 1996-ല്‍ 72-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.