‘ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും’; ഒമർ ലുലു

നിരവധി ട്രോളുകളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പും ഒപ്പമുള്ള ചിത്രവും ശ്രദ്ധേയമാവുകയാണ്. ‘തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട,…

നിരവധി ട്രോളുകളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പും ഒപ്പമുള്ള ചിത്രവും ശ്രദ്ധേയമാവുകയാണ്. ‘തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട, ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും’ എന്നാണ് ഒമര്‍ ലുലുവിന്റെ പുതിയ പോസ്റ്റ്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം റോഡില്‍ പായ വിരിച്ചു കിടക്കുന്നതിന്റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ചിത്രത്തിന്റെ റിലീസ് അടുക്കാറായെന്നും റിലീസ് ദിവസം കൊറിയയിലേയ്ക്ക് പോകാതെ കേരളത്തില്‍ തന്നെ നില്‍ക്കാന്‍ പറ്റുമെന്നും പ്രതീക്ഷിക്കുന്നതായും ഒമര്‍ലുലു മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ വിവാദമായ പത്രസമ്മേളനത്തെ ട്രോളുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിനിമയെ വിമര്‍ശിക്കുന്നതിനെതിരെയാണ് റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചത്.

ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ സിനിമയാണ് നല്ല സമയം. ഇര്‍ഷാദ് നായകനാകുന്ന ചിത്രത്തില്‍ വിജീഷ് വിജയനാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ ആണ് നായികമാരായെത്തുന്നത്. കൂടാതെ ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നവാഗതയായ ചിത്രയും ഒമര്‍ ലുലുവും ചേര്‍ന്നാണ് തിരക്കഥ. സിനു സിദ്ദാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വിശാഖ് പി.വിയാണ് കാസ്റ്റിംഗ് ഡയറക്ടര്‍. കളന്തൂര്‍ എന്റര്‍ടൈന്‍മന്റ്സിന്റെ ബാനറില്‍ കളന്തൂര്‍ ആണ് നല്ല സമയം നിര്‍മിക്കുന്നത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ചിത്രയും നവാഗതനായ സിദ്ധാര്‍ഥ് ശങ്കറും ചേര്‍ന്നാണ്. ഫ്രീമേസന്‍സ് എന്ന പുതിയ ടീമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പി.ആര്‍.ഓ – പ്രതീഷ് ശേഖര്‍.