അതിഗംഭീരം എന്ന വാക്കുപോലും തികയാതെ വരും അയ്യങ്കാളി പട !!

സിനിമ പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയവും, സമ്മാനിയ്ക്കുന്ന കാഴ്ചാനുഭവവും കണക്കിലെടുത്താൽ അഭിനന്ദിക്കാൻ ‘അതിഗംഭീരം’ എന്ന വാക്കുപോലും തികയാതെ വരും. കേരളസംസ്ഥാനനിയമസഭയിലെ 140 പേരിൽ ഒരാളൊഴികെ, ഒരൊറ്റയാൾ ; കെ.ആർ ഗൗരിയമ്മയൊഴികെ എല്ലാവരും വോട്ടുചെയ്തു പാസ്സാക്കിയ ആദിവാസി ഭൂനിയമത്തെ…

സിനിമ പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയവും, സമ്മാനിയ്ക്കുന്ന കാഴ്ചാനുഭവവും കണക്കിലെടുത്താൽ അഭിനന്ദിക്കാൻ ‘അതിഗംഭീരം’ എന്ന വാക്കുപോലും തികയാതെ വരും. കേരളസംസ്ഥാനനിയമസഭയിലെ 140 പേരിൽ ഒരാളൊഴികെ, ഒരൊറ്റയാൾ ; കെ.ആർ ഗൗരിയമ്മയൊഴികെ എല്ലാവരും വോട്ടുചെയ്തു പാസ്സാക്കിയ ആദിവാസി ഭൂനിയമത്തെ മാറ്റിയെഴുതണമെന്നാവശ്യപ്പെട്ട് നാലുപേർ പാലക്കാട് കളക്ടറെ ബന്ദിയാക്കിവച്ച് അന്നു ഭരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ സർക്കാരുമായി നടത്തിയ സമരം അഥവാ വിലപേശലാണ് പടയുടെ അടിസ്ഥാനസംഭവം. 1996 ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുമ്പോഴുണ്ടാകേണ്ട അധികജാഗ്രത സംവിധായകൻ പുലർത്തിയിട്ടുണ്ട്.

പ്രധാനകഥാപാത്രങ്ങൾ തൊട്ട് വളരെ ചെറിയ കഥാപാത്രങ്ങളെയവതരിപ്പിച്ചവർ വരെ ഗംഭീരപ്രകടനമായിരുന്നു. അനാവശ്യമായ ഒരൊറ്റ രംഗമോ സംഭാഷണമോ ഇല്ലാത്ത ചടുലവും മൂർച്ചയേറിയതുമായ തിരക്കഥ., ഉദ്വേഗജനകമായ പശ്ചാത്തലസംഗീതം, ചേർന്നുനിൽക്കുന്ന ഛായാഗ്രഹണവുമൊക്കെ ചേർന്ന് പടയെ മികച്ച സിനിമാനുഭവമാക്കി മാറ്റുന്നുണ്ട്. യഥാർത്ഥ സംഭവത്തിന്റെ ഗൗരവവും ആഴവും പ്രേക്ഷകരിലേക്കെത്തിക്കുന്ന ഒരു ടെയിൽ എൻഡ് കൂടിയാകുമ്പോൾ മനസറിഞ്ഞ് കയ്യടിച്ചുകൊണ്ട് തിയറ്റർ വിടാം. തീവ്രഇടതു ആശയങ്ങളോട് യോജിപ്പില്ലാത്തവരെ പോലും പ്രസ്തുത സംഭവത്തിൽ ആ നാലുപേർക്കൊപ്പം ചിന്തിക്കാൻ പട പ്രേരിപ്പിക്കുന്നുണ്ട്. പട ചർച്ച ചെയ്യപ്പെടട്ടെ.. ഒപ്പം ആദിവാസി ഭൂനിയമവും, മാറിമാറി വരുന്ന ഇടത്-വലത് സർക്കാരുകൾ ആദിവാസികളോട് കാണിക്കുന്ന അവഗണനയുമെല്ലാം ചർച്ച ചെയ്യപ്പെടട്ടെ.