‘എന്നെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതരുതേ… പുള്ളി ഇത്തയെ ഫോളോ ചെയ്യുന്നുണ്ട്…’ കുറിപ്പ്

സ്‌നേഹമയനായ ഭര്‍ത്താവിന്റെ ‘സ്‌നേഹത്തിന്റെയും കരുതല്‍ കൂടുതലിന്റെയും’ തടവറയില്‍ കഴിയുന്ന ‘ഭാഗ്യവതിയായ’ ഒരു പെണ്‍കുട്ടിയുടെ അനുഭവത്തെ കുറിച്ച് പറയുകയാണ് റസീന എം എയുടെ കുറിപ്പ്. ‘സ്‌നേഹക്കൂടുതല്‍’ പീഡനത്തിന്റെ മറ്റൊരു വേര്‍ഷനാണ്. റസീനയുടെ കുറിപ്പ് വായിക്കാം “ഇത്ത…

സ്‌നേഹമയനായ ഭര്‍ത്താവിന്റെ ‘സ്‌നേഹത്തിന്റെയും കരുതല്‍ കൂടുതലിന്റെയും’ തടവറയില്‍ കഴിയുന്ന ‘ഭാഗ്യവതിയായ’ ഒരു പെണ്‍കുട്ടിയുടെ അനുഭവത്തെ കുറിച്ച് പറയുകയാണ് റസീന എം എയുടെ കുറിപ്പ്. ‘സ്‌നേഹക്കൂടുതല്‍’ പീഡനത്തിന്റെ മറ്റൊരു വേര്‍ഷനാണ്.

റസീനയുടെ കുറിപ്പ് വായിക്കാം

“ഇത്ത എന്നെ കുറിച്ച് ഫേസ്ബുക്കിൽ എഴുതരുതേ… പുള്ളി ഇത്തയെ ഫോളോ ചെയ്യുന്നുണ്ട്… വായിച്ചിട്ട് ഇനി ഞാനിതൊക്കെ ഇത്തയോട് പറഞ്ഞു എന്നറിഞ്ഞാൽ പിന്നേ ബാക്കി കാര്യം ഒന്നും പറയണ്ട… “
സ്നേഹമയനായ ഭർത്താവിന്റെ ‘സ്നേഹത്തിന്റെയും കരുതൽ കൂടുതലിന്റെയും’ തടവറയിൽ കഴിയുന്ന ‘ഭാഗ്യവതിയായ’ ഒരു പെൺകുട്ടിയുടെ മുൻ‌കൂർ ജാമ്യമാണ്.
“എന്നോട് വലിയ സ്നേഹമാണ്. മക്കളോടും. കെയറിങ്ങും… കുറച്ച് കൂടുതലാണെങ്കിലെ ഉള്ളൂ. എന്നോട് മാത്രമല്ല, എന്റെ വീട്ടുകാരോടും… എന്റെ വീട്ടിലെ എന്താവശ്യത്തിനും സഹായിക്കാൻ മടിയില്ല. എനിക്കൊരു dress ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ അത് എത്ര വിലയുള്ളതായാലും വാങ്ങി തരും… സുഖമില്ലാതായാൽ ചികിൽസിക്കും. പിന്നെന്താ, ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടെന്നേ ഉള്ളൂ.. അത് ഞാനങ്ങു അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു… വേറെന്താ ചെയ്യാ??”
സ്നേഹമുണ്ട്. കെയറിങ്ങും. പിന്നെന്താണ് പ്രശ്നമെന്നല്ലേ.
“ഞാനാരോടും ഫോൺ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തുകൂടാ. എന്റെ ഫ്രെണ്ട്സിന് പോലും മെസ്സേജ് അയക്കാൻ പാടില്ല. സ്കൂൾ ഗ്രൂപ്പിൽ ഒന്നും ജോയിൻ ചെയ്യാൻ പാടില്ല. എന്റെ social media അക്കൗണ്ട് അടക്കം പുള്ളിയാണ് കൈകാര്യം ചെയ്യുന്നത്. ഒന്ന് ചെക്ക് ചെയ്യാൻ പെർമിഷൻ വേണം. ഒറ്റക്ക് ഒന്ന് ടൗണിൽ പോകാൻ പാടില്ല. കൂട്ടുകാരൊക്കെ ഇടക്ക് കൂടുമ്പോ എന്നെയും വിളിക്കും. പുള്ളി വിടില്ല. മൂപ്പർക്ക് ഇഷ്ടമല്ല. പുള്ളിക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യുകയോ പറയുകയോ ചെയ്യാൻ പാടില്ല. എന്തെങ്കിലും വിഷയത്തെ ചൊല്ലി വഴക്കുണ്ടായാൽ ഞാൻ ആദ്യം ക്ഷമ ചോദിക്കണം. പുള്ളിയുടെ ഭാഗത്താണ് തെറ്റെങ്കിൽ പോലും. എങ്കിൽ പെട്ടെന്ന് സോൾവ് ആകും. പക്ഷെ ആ വിഷയത്തെ കുറിച്ച് പിന്നീട് സംസാരിക്കാൻ പാടില്ല.
ആദ്യമൊക്കെ ഞാനും എല്ലാം ആസ്വദിച്ചു. എന്റെ ഇക്കയുടെ ഇഷ്ടമാണ് എന്റെ ഇഷ്ടം എന്ന് അഹങ്കരിച്ചു. എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന്, വഴി തെറ്റിപ്പോകുന്ന ഭാര്യമാരെ കുറിച്ചുള്ള വാർത്തകൾ കാണുന്നത് കൊണ്ടുള്ള ഭയമാണെന്ന് ആശ്വസിച്ചു. പക്ഷെ ഇതൊരു തടവറയാണെന്ന്, സ്വാതന്ത്ര്യത്തിന് സ്നേഹത്തേക്കാൾ വിലയുണ്ടെന്ന് തിരിച്ചറിയാൻ വൈകി….”
ഞാനവളോട് പേർസണൽ സ്പെയ്‌സിനെ കുറിച്ച് സംസാരിച്ചു. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച്, സെൽഫ് റെസ്‌പെക്ടിനെ കുറിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച്, ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ച്, പിന്നെയും പലതും. വിവാഹത്തിന് മുൻപ് ജോലിയുണ്ടായിരുന്ന, ഇപ്പോൾ സ്വന്തമായി വരുമാനമില്ലാത്ത, ഭർത്താവിന്റെ ‘ചിലവിൽ’ കഴിയുന്നതിന്റെ അപകർഷത പേറുന്ന അവൾക്ക് പക്ഷെ അവയൊക്കെയും മനസിലാകുമെങ്കിലും സ്വന്തം ജീവിതത്തിൽ അവ എങ്ങനെ നേടണമെന്ന് ഒരു രൂപവുമില്ല.
അവൾ പറയാതെ പറഞ്ഞത് ഇതാണ് :
‘ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഇപ്പോൾ ആലോചിച്ചു പോവുകയാണ്. കൗമാരപ്രായം മുതൽ വിവാഹസങ്കൽപ്പങ്ങളിൽ സ്നേഹത്താൽ പൊതിഞ്ഞു പിടിക്കുന്ന സുന്ദരനായ മണവാളനായായിരുന്നു. വിവാഹത്തോടെ തന്റെതായ സർവ്വവും സമർപ്പിക്കുന്ന, എല്ലാ ഇഷ്ടങ്ങളും ഭർത്താവിന്റെ മുന്നിൽ അടിയറവ് വയ്ക്കുന്ന, ഭർതൃ വീട്ടുകാരുടെ സന്തോഷത്തിന് വേണ്ടി ത്യാഗം ചെയ്യാൻ തയ്യാറുള്ള ഒരു ഉത്തമ കുടുമ്പിനിയാവാനാണ് ഞാൻ ഓർമ വച്ച കാലം മുതൽ പരിശീലിക്കപ്പെട്ടിട്ടുള്ളത്. അഡ്ജസ്റ്റ് ചെയ്യുക എന്ന വാക്കാണ് വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഞാൻ കേട്ടിട്ടുള്ളത്. എനിക്ക് ചുറ്റും എല്ലാവരും പ്രോത്സാഹിപ്പിച്ചതും അംഗീകരിച്ചതും അങ്ങനയുള്ള സ്ത്രീകളെയായിരുന്നു. ഭർത്താവിന് സുജൂദ് ചെയ്യാൻ വരെ സ്ത്രീക്ക് ബാധ്യതയുണ്ടെന്ന പ്രസംഗമാണ് ഞാൻ കേട്ടിട്ടുള്ളത്.
ആണുങ്ങൾക്ക് എന്തുമാവാം നമ്മൾ സ്ത്രീകളാണ് സഹിക്കേണ്ടത്, നമുക്കാണ് നഷ്ടം എന്നാണ് എന്റെ

ഉമ്മ

എന്നോട് പറഞ്ഞിട്ടുള്ളത്. ഞാൻ കണ്ട സിനിമകളിൽ കണ്ടിട്ടുള്ളത്. ഇവിടെയൊന്നും വിവാഹ ജീവിതത്തിലെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് കേട്ടിട്ടില്ല. പരസ്പരം ബഹുമാനിക്കുക എന്നത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല.

ഇപ്പോൾ ആലോചിക്കുമ്പോളാണ് മനസ്സിലാകുന്നത്. ഒരു അടിമയാവനാണ് ഞാൻ പരിശീലിപ്പിക്കപ്പെട്ടിരുന്നത്. എന്റേതായ ഇഷ്ടങ്ങൾ തെറ്റാണെന്നാണ് ഞാൻ പഠിപ്പിക്കപ്പെട്ടത്. ചുറ്റും വിവാഹ ജീവിതം തകർന്ന പലരുടെയും പിന്നീടുള്ള ദുരന്ത ജീവിതം കണ്ട് വളർന്ന എനിക്ക് തകരാത്ത ഒരു കുടുംബ ജീവിതമാണ് ഏറ്റവും വലുത് എന്ന ചിന്തയാണ് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടായത്. അതിന് വേണ്ടി എന്ത് ത്യാഗവും കോംപ്രമൈസും ചെയ്യുക എന്നത് എന്റെ ബാധ്യതയാണെന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ചുറ്റുമുള്ളവരെ അപേക്ഷിച്ചു ഞാൻ വളരെ ഭാഗ്യവതിയാണെന്ന് അടുത്ത കാലം വരെ ഞാൻ വിശ്വസിച്ചിരുന്നു.
സ്നേഹമുള്ള, എന്റെ വീട്ടുകാരോട് സഹകരിക്കുന്ന ഭർത്താവ് , തരക്കേടില്ലാത്ത സാമ്പത്തികാവസ്ഥ, ഓമനത്തമുള്ള രണ്ടു മക്കൾ, സ്ത്രീധന പീഡനമില്ലാത്ത ഭർതൃ വീട്… ഇതിൽ കൂടുതൽ എന്താണ് ഒരു പെണ്ണിന് വേണ്ടത്?
ഈ സ്നേഹത്തിനും ഭാഗ്യത്തിനുമപ്പുറം എനിക്ക് ശ്വാസം മുട്ടുന്നത്, എന്നോട് തന്നെ പുച്ഛം തോന്നുന്നത്, ലോകത്ത് ഒരു വിലയുമില്ലാത്തവളായി തോന്നുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവാൻ തന്നെ കാലങ്ങൾ എടുത്തു. പക്ഷെ, എന്ത് ചെയ്യണമെന്ന് എനിക്ക് ഇപ്പോളും അറിയില്ല. ഞാൻ തന്നെ വളം വച്ചു കൊടുത്തു ശീലിപ്പിച്ച ശീലങ്ങൾ എങ്ങനെ മാറ്റണമെന്ന് എനിക്കറിയില്ല. എന്തിന്, ഇതിലൊക്കെ ഒരു പ്രശ്നമുണ്ടെന്ന്, ഒരു അനീതിയുണ്ടെന്ന് എന്റെ ഭർത്താവിനെ, വേണ്ട, എന്റെ ഉമ്മയെ പോലും ബോധ്യപ്പെടുത്താൻ എനിക്ക് കഴിയുമെന്നും തോന്നുന്നില്ല. അവർക്കൊക്കെയും ഇതൊക്കെ എന്റെ അഹങ്കാരമായെ തോന്നൂ…’
ശരിയല്ലേ?
ഒരുപാട് വൈകിയല്ലാതെ അവൾക്കുണ്ടായ തിരിച്ചറിവ് ഇനിയും നേടിയിട്ടില്ലാത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. തന്റെ ഭർത്താവ് തനിക്ക് ജോലി ചെയ്യാനൊക്കെ സ്വാതന്ത്ര്യം തരുന്നയാളാണെന്ന് അഭിമാനത്തോടെ അഭ്യസ്ഥ വിദ്യയായ, ജോലിക്കാരിയായ കൂട്ടുകാരി എന്റെ കൂട്ടുകാരനോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്…! തന്റെ സാഹിത്യ താല്പര്യങ്ങളിൽ എതിര് പറയാത്ത ഭർത്താവുള്ളത് വലിയ ഭാഗ്യമാണെന്ന് എന്നോട് സന്തോഷം പ്രകടിപ്പിച്ചത് ഒരു മുതിർന്ന ഉദ്യോഗസ്ഥയാണ്…!
അതെ, ഈ പറഞ്ഞതിലൊക്കെയും എന്താണ് പ്രശ്നമെന്ന്, സൗകര്യം കൂടിയതിന്റെ അഹങ്കാരമാണെന്ന് വിലയിരുത്താനും പരിഹസിക്കാനും ആൺ പെൺ ഭേദമില്ലാതെ ഒരുപാട് പേരുണ്ടാവും എന്നറിയാം. അതിൽ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും കൂടുതലായിരിക്കും എന്നുമറിയാം.
അവരൊക്കെയും ലോക്‌ഡോൺ കാലത്ത് പുറത്തിറങ്ങുന്നതിൽ വന്ന വിലക്കുകളിൽ ശ്വാസം മുട്ടിയവരും വസ്ത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കുന്ന ഫാഷിസ്റ് ശക്തികൾക്കെതിരെ ശക്തിയുക്തം നിലപാടെടുക്കുന്ന ആദർശ ധീരരുമാണെന്നത് ഒരു കേവല വൈരുധ്യം മാത്രമായി ഞാൻ കരുതുകയും ചെയ്യാം…!