വിവാദങ്ങള്‍ക്കിടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഷാരൂഖ്-ദീപിക ചിത്രം ‘പത്താന്‍’

ഷാരൂഖ് ഖാനും ദീപിക പദുകോണ്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് ആണ്.

സിബിഎഫ്‌സിയുടെ പരിശോധന കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. റോ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്. പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ നിന്ന് ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക് ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്‌സ്- കെജിബി എന്നതിനു പകരം എക്‌സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍, റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി.

അതേസമയം സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും നീക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിലേതാണ് ഈ മൂന്ന് ഷോട്ടുകളും. നിതംബത്തിന്റെ ക്ലോസപ്പ് ഷോട്ട്, വശത്തുനിന്നുള്ള ഷോട്ട് (ഭാഗികമായ നഗ്‌നത) എന്നിവയ്‌ക്കൊപ്പം ഗാനത്തില്‍ ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്‌ബോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു.

അതേസമയം അഹമ്മദാബാദില്‍ ആല്‍ഫ വണ്‍ മാളിലെ തിയറ്ററില്‍ പത്താന്‍ സിനിമയുടെ പ്രമോഷനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.