വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കെ കെ രാഗേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ കളക്ടറെ പുകഴ്ത്തി എ കെ ബാലൻ

കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ കളക്ടർ ദിവ്യ എസ് അയ്യരെ പുകഴ്ത്തി രംഗത്ത് എത്തി മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ. വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ എന്നാണ് എ കെ ബാലൻ കളക്റ്ററെ വിശേഷിപ്പിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ദിവ്യ എസ് അയ്യർ രാഗേഷിന് അഭിനന്ദിച്ച് രംഗത്തെത്തിയത്.

കെ കെ രാഗേഷിനെ കർണനോട് ഉപമിച്ചായിരുന്നു ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വിഷയത്തിൽ ദിവ്യ എസ് അയ്യർക്കെതിരെ കടുത്ത സൈബർ ആക്രമണം ശക്തമാകുകയും ചെയ്യ്തിരുന്നു. ഈ സാഹചര്യത്തിലാണ് എ കെ ബാലൻ ഇപ്പോൾ രംഗത്തെത്തിയത്. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച എ കെ ബാലൻ ദിവ്യയെ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു.വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നതെന്ന് എ കെ ബാലൻ കുറ്റപ്പെടുത്തി.

ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കെ മുരളീധരൻ കാട്ടിയില്ല. സഹപ്രവർത്തകനായ ശബരിനാഥന്‍റെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു,അതുപോലെ കാർത്തികേയന്‍റെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല,അങ്ങനെ മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.കെ മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയെന്നും ബാലൻ വിമർശിച്ചു.