ചെങ്കോട്ടയിൽ വന്നത് ചാവേർ തന്നെ; സ്ഥിരീകരിച്ച് ദില്ലി പൊലീസ്, ഖേദം അറിയിച്ച് മോദി

ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു.

അതേസമയം സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു.