ദുരന്തമുണ്ടാകുമ്പോള്‍ നോക്കി നില്‍ക്കാനാണോ റിയാസ് പറയുന്നത്, കെ സി വേണുഗോപാലിന്റെ വാക്കുകൾ വളച്ചൊടിക്കുന്നു സിപിഐഎം ;രമേശ് ചെന്നിത്തല

ദേശീയപാത66 തകർന്ന സംഭവത്തിൽ കേരള സർക്കാരിനെ കെസി വേണുഗോപാൽ രൂക്ഷമായി വിമർശശിച്ചതിന് പിന്നാലെ പ്രതികരിച്ചെത്തിയ മന്ത്രി റിയാസിനെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുരന്തമുണ്ടാകുമ്പോള്‍ നോക്കി നില്‍ക്കാനാണോ റിയാസ് പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന്റേത് ശരിയായ നടപടിയല്ലെന്നും അതാണ് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സി വേണുഗോപാല്‍ പറഞ്ഞ പ്രസംഗം സിപിഐഎം വളച്ചൊടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

എല്ലാ മാസത്തെയും പെന്‍ഷന്‍ കൊടുക്കാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുമിച്ച് കൊടുത്ത് വോട്ട് പിടിക്കാനുള്ള തന്ത്രമാണ് സിപിഐഎമ്മിന്റേത്. കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലകുറഞ്ഞ നിലയില്‍ പ്രസ്താവന നല്‍കിയത് അങ്ങേയറ്റത്തെ തെറ്റായ നടപടിയാണെന്നും, അത് പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏഴ് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചാണ് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുട്ടികള്‍ക്ക് കൊടുക്കേണ്ട ഉച്ചക്കഞ്ഞിയുടെ അരി മാസങ്ങളോളം കൊടുക്കാതിരുന്നിട്ട് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയുള്ളപ്പോഴാണ് കൊടുത്തത്. ഞാന്‍ അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോയപ്പോള്‍ എന്ത് പുകിലായിരുന്നു. കെ സി വേണുഗോപാൽ പറഞ്ഞത് ശരിയാണ് രമേശ് ചെന്നിത്തല പറഞ്ഞു.