‘ഗാന്ധിജിയെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുത്’: രൂക്ഷവിമർശനവുമായി പ്രകാശ് രാജ്

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർപട്ടികയുടെ പുതുക്കൽ പ്രക്രിയയായ സ്പെഷൽ ഇന്റൻസീവ് റിവിഷനും (എസ്.ഐ.ആർ) എതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് രാജ്യത്തുടനീളം നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തത്.

ഈ ദിനം ആഘോഷിക്കുമ്പോഴും മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ നമുക്കിടയിലുണ്ടെന്ന കാര്യം മറക്കരുതെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. എസ്.ഐ.ആറിലൂടെ ജനങ്ങളുടെ പൗരത്വവും ജനാധിപത്യ മൂല്യങ്ങളും തകർത്തുകളയാൻ ശ്രമിക്കുന്നത് ഇവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ രാജ്യത്തെ യുവജനങ്ങളും പൗരസമൂഹവും ഇത്തരക്കാരുടെ ശ്രമങ്ങളെ അനുവദിച്ചു നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലും മുംബൈയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവകാശങ്ങൾ സംരക്ഷിക്കാനായി ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. “ഗണപതി നിമജ്ജനം ഇവിടെ കഴിഞ്ഞു, ഇനി ഗ്യാനേഷ് കുമാറിന്റെ നിമജ്ജനമാണ് ബാക്കി” എന്നും പ്രധാനമന്ത്രിയെയും ഗ്യാനേഷ് കുമാറിനെയും ലക്ഷ്യമാക്കി താരം തുറന്നടിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.