മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായി,കുഴൽ നാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളി;എം വി ഗോവിന്ദൻ

സി എം ആര്‍ എല്‍ എക്‌സാലോജിക് കരാര്‍ വിഷയത്തില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂര്‍ തളിപ്പറമ്പ് ഏഴോത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഴവിൽ സഖ്യത്തിൻ്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായെന്നും, കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളിയെന്നും,എം വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു എം വി ഗോവിന്ദൻ.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ,​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഈ ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും, കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.