കമ്മ്യുണിസ്റ്റുകാർ മതവിരുദ്ധരാണെന്ന് പറയുന്നത് അടിസ്ഥാനരഹിതം,മതവിശ്വാസികളെയും അണിനിരത്തി വർഗ്ഗിയതക്കെതിരെ പോരാടുകയെന്നതാണ് സിപിഐഎം നിലപാട്, എം എ ബേബി

കമ്മ്യൂണിസ്റ്റുകാര്‍ മതവിരുദ്ധരാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്, മതവിശ്വാസികളെയും അണിനിരത്തി വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തവും, വിപുലവുമാക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാട്,സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഈ കാര്യങ്ങൾ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖകളില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തിന് എതിരല്ല, കാള്‍ മാര്‍ക്‌സും, ഫെഡറിക് എംഗല്‍സും, മിഖയേല്‍ ബെക്കുനിനും 1864ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിങ്‌മെന്‍ അസോസിയേഷന്‍ രൂപീകരിച്ചപ്പോഴേ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നും എം എ ബേബി പറഞ്ഞു.

മതചിന്താഗതികളുമായി ബന്ധമില്ലാത്തവര്‍ക്ക് മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാനാവൂ എന്ന് ബെക്കുനിന്‍ ഇന്റര്‍നാഷണലില്‍ വാദിച്ചുവെന്നും, എന്നാല്‍ മാര്‍ക്‌സും, എംഗല്‍സും ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും എം.എ ബേബി പറഞ്ഞു. തൊഴിലാളികളുടെ മോചനത്തിനായുള്ള സമരസംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്ന മതവിശ്വാസികളെയും, ദൈവവിശ്വാസികളെയുമെല്ലാം സംഘടനയില്‍ ചേര്‍ക്കാമെന്ന് മാര്‍ക്‌സും ,എംഗല്‍സും വാദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതുപോലെ മാക്‌സിന്റെയും, എംഗല്‍സിന്റെയും വീക്ഷണം സംഘടനയുടെ ഭൂരിപക്ഷ നിലപാടായി മാറിയെന്നും, ബെക്കുനിന്റെ നിലപാട് അംഗീകരിക്കുന്ന യാന്ത്രികഭൗതികവാദമല്ല സി.പി.ഐ.എം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.