ചരിത്രം പരിശോധിച്ചാൽ കല്ലിട്ടവരും കമ്പനി ഉദ്‌ഘാടനം ചെയ്തവരും ഉണ്ടാകും, എന്നാൽ പദ്ധതി പ്രാവർത്തികമാക്കിയത് പിണറായി സർക്കാർ; വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖ സ്വപ്ന പദ്ധതി രാജ്യത്തിന് സമർപ്പിക്കുന്ന നിമിഷങ്ങൾ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന മുഹൂർത്തമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറയുന്നു.തുറമുഖത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ചും മന്ത്രി അഭിപ്രായം വ്യക്തമാക്കി.ഇതിന്റെ ചരിത്രം പരിശോധിച്ചാൽ കല്ലിട്ടവരും ,കമ്പനി ഉദ്‌ഘാടനം ചെയ്തവരും എല്ലാം ഉണ്ടാകും. എന്നാൽ വിഴിഞ്ഞം പദ്ധതി പ്രവർത്തികമാക്കിയത് ഒന്നും, രണ്ടും പിണറായി സർക്കാരുകളാണ്. ഉമ്മൻചാണ്ടിയുടെ അദാനി കരാർ സംസ്ഥാനത്തിന് ക്ഷീണം മാത്രമുണ്ടാക്കുന്നതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതിയുടെ പൊതുതത്വത്തോട് തങ്ങൾ യോജിച്ചിരുന്നുവെങ്കിലും ഉള്ളടക്കത്തോട് വിയോജിച്ചിരുന്നുവെന്നും മന്ത്രി വാസവൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ ഉത്ഘാടന ചടങ്ങിനായി പ്രതിപക്ഷനേതാവ് വി ഡി സതീശനെ ക്ഷണിച്ചില്ലെന്ന വിവാദത്തോട് മന്ത്രി പ്രതികരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഈകാര്യത്തിൽ വിവേകപൂർണമായി പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സംസാരിക്കുന്നവരുടെയും മറ്റും പേരുകൾ ഉറപ്പിക്കുക എന്നും മന്ത്രി പറഞ്ഞു,താൻ ഇതനുസരിച്ചാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതെന്നും, അദ്ദേഹം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാസവൻ പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റിനെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ ക്രെഡിറ്റ് ജനങ്ങളുടേതാണ് എന്നുമായിരുന്നു മന്ത്രിവാസവന്റെ വാക്കുകൾ.