News

നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്, അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്….

കഴിഞ്ഞ ദിവസം കേരളം ഞെട്ടലോടെ കേട്ട വാർത്തയാണ് ബാങ്ക് മാനേജർ ബാങ്കിൽ ജീവനൊടുക്കിയത്. ജോലി സമ്മർദ്ദം താങ്ങാൻ വയ്യാതെയാണ് സ്വപ്ന എന്ന ബാങ്ക് മാനേജർ തന്റെ ക്യാബിനിൽ വെച്ച് ജീവൻ ഒടുക്കിയത്. ഈ വാർത്ത പുറത്ത് വന്നതോട് കൂടി ബാങ്കിങ് മേഖലയിൽ ഉള്ള ജോലി സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞു പലരും രംഗത്ത് വന്നിരുന്നു. സ്വപ്ന കഴിഞ്ഞ ആഴ്ചകളിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്ന് അയൽവാസികളിൽ നിന്നും മനസ്സിലായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ ആയ നൗഫൽ ബിൻ യൂസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

” പ്രിയപ്പെട്ട ഉണ്ണീ… വാവാ… അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്…. ” 12 വയസുകാരിയായ മകളുടെ നോട്ട് ബുക്കിൽ ഇത്രയും എഴുതിവച്ച് കാറെടുക്കാതെ സ്വപ്ന ബാങ്കിലേക്ക് നടന്നു . ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്ത് 38 കൊല്ലത്തെ ജീവിതം മതിയാക്കി. കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയുടെ ആത്മഹത്യ നമുക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് ഒരു പാട് പേർ എഴുതിക്കണ്ടു. സ്വപ്നയ്ക്ക് എന്ത് കൊണ്ടാണ് ജീവിതം മടുത്തത് എന്നാണ് ഞാൻ അന്വേഷിച്ചത്. സഹപ്രവർത്തകരോടും അയൽക്കാരോടും അവരുടെ അടുത്ത ബന്ധുക്കളോടും സംസാരിച്ചു. സ്വപ്നയ്ക്ക് ജീവിക്കാൻ വരുമാനമുള്ള ജോലി ഉണ്ടായിരുന്നു. രണ്ട് വർഷം മുന്നെ ഹൃദയാഘാതം സംഭവിച്ച് ഭർത്താവ് മരിച്ചു. 12 ഉം 14 ഉം വയസുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്. 6 മാസം മുൻപാണ് തൃശൂര് നിന്നും പ്രമോഷൻ ട്രാൻസ്ഫറായി കണ്ണൂരെത്തിയത്. നാട്ടിലേക്ക് മാറ്റത്തിന് ശ്രമിച്ചിരുന്നു. നടന്നില്ല. എല്ലാവരും ഇഷ്ടപ്പെടുന്ന, സഹായിക്കാൻ മനസുള്ള ഒരു ഉദ്യോഗസ്ഥ ആയിരുന്നു എന്നാണ് അവരെ പരിചയമുള്ള എല്ലാവരും പറഞ്ഞത്. സ്വപ്നയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ പറഞ്ഞത് ഇങ്ങനെ..

” രണ്ട് ആഴ്ചയായി അവർക്ക് ഉറക്കമില്ല. രാത്രി ലൈറ്റ് കാണാം. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. ആരോടും തീരെ സംസാരിക്കാതായി. ഒരാഴ്ചയിലേറെയായി മുറ്റം അടിച്ചു വാരിയിട്ട് ” മറ്റൊരു അയൽക്കാരൻ പറഞ്ഞത് “താലി മാലയും കൈയ്യിലുള്ള പൈസയും രണ്ടു ദിവസം മുൻപ് 12 വയസുള്ള മകൾക്ക് കൊടുത്തു. ഇത് നീ വച്ചോ എന്ന് പറഞ്ഞു. എന്തിനാണ് അമ്മ ഇങ്ങനെ പെരുമാറുന്നതെന്ന് 12 വയസുകാരിക്ക് അന്നേരം മനസിലായില്ല” വല്ലാത്ത ജോലി സമ്മർദ്ദമാണെന്ന് ഇടയ്ക്കിടെ ഡോക്ടറായ അനിയത്തിയോട് പറഞ്ഞിരുന്നതായി അനിയത്തിയുടെ ഭർത്താവും ഓർക്കുന്നു. ഒരു മനുഷ്യന് സംഭവിക്കുന്ന ഇത്ര പ്രകടമായ മാറ്റങ്ങളും മാനസീക സമ്മർദ്ദവും ചുറ്റുമുള്ളവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്! എട്ടാം ക്ലാസുകാരിയുടെ വരയിട്ട നോട്ട് ബുക്കിലെ കരള് കൊത്തിപ്പറിക്കുന്ന ആ വരികൾ നമ്മളെ പൊള്ളിക്കാത്തത് എന്ത് കൊണ്ടാകും!

Trending

To Top
Don`t copy text!