സാഹോദര്യത്തിന്റെ കഥ പറഞ്ഞ് പ്യാലി; ടൈറ്റില്‍ സോങ്ങ് പുറത്ത്

സഹോദര സ്‌നേഹത്തിന്റെ കഥ പറഞ്ഞ് പ്യാലിയും സിയയും എത്തി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്യാലിയിലെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് കെ.എസ്. ഹരിശങ്കര്‍ ആലപിച്ച പ്യാലി എന്നു തുടങ്ങുന്ന ഗാനം പുറത്ത് വന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് ഈണം നല്‍കിയിരിക്കുന്നത്. അനിയത്തിയെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്ന സഹോദരനെയാണ് പാട്ടില്‍ കാണാനാകുന്നത്. പാട്ടിന്റെ ലിങ്ക് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെയും പങ്കുവെച്ചിട്ടുണ്ട്.സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന അഞ്ചുവയസുകാരിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ചിത്രം ജൂലൈ എട്ടിന് റിലീസ് ചെയ്യും. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ശ്രദ്ധ നേടിയിരുന്നു. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്യാലിയില്‍ ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

Previous articleഞാന്‍ അയച്ച ഈ ചിത്രം കണ്ട് ഭാര്യാ സഹോദരന്‍ ഞെട്ടിയെന്ന് മാധവന്‍
Next articleക്ഷണം സ്വീകരിക്കുന്നു! എല്ലാവര്‍ക്കും നന്ദി!! ഓസ്‌കാര്‍ അക്കാദമിയുടെ ക്ഷണത്തില്‍ സൂര്യ