‘കിഴിച്ചിട്ടാങ്കേ എന്നു പറയേണ്ടി വരും, അതിഗംഭീരം’; ജയസൂര്യയെ വാനോളം പുകഴ്ത്തി അശ്വിൻ, കണ്ടത് ‘ജോൺ ലൂഥർ‘

നടൻ ജയസൂര്യയെയും ‘ജോൺ ലൂഥർ’ സിനിമയെയും പ്രകീർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ‘എന്നാ നടിപ്പ്’ എന്നാണ് ജയസൂര്യ അഭിനയം കണ്ട് ശേഷം അശ്വിൻ കമന്റ് ചെയ്തത്. ഈ അടുത്ത് താൻ കണ്ട…

നടൻ ജയസൂര്യയെയും ‘ജോൺ ലൂഥർ’ സിനിമയെയും പ്രകീർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ‘എന്നാ നടിപ്പ്’ എന്നാണ് ജയസൂര്യ അഭിനയം കണ്ട് ശേഷം അശ്വിൻ കമന്റ് ചെയ്തത്. ഈ അടുത്ത് താൻ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും അശ്വിൻ പറഞ്ഞു. ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അശ്വിൻ ഈ സിനിമ കണ്ടത്. ‘‘വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്നൊരു സിനിമ കണ്ടു. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. പക്ഷേ അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, ‘ജോൺ ലൂഥർ’. എന്നാ ആക്ടിങ്. ഇതേ ഹീറോ തന്നെയാണ് വസൂൽ രാജ എംബിബിഎസിൽ കമൽഹാസനൊപ്പം സാക്കിർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്‘‘ – അശ്വിൻ പറഞ്ഞു.

‘‘വിമാനത്തിൽ ഇരിക്കുമ്പോൾ മറ്റ് ചില ജോലികളും തീർക്കാമെന്നാണ് വിചാരിച്ചിരുന്നത്. ഫ്ലൈറ്റ് ഇന്റർനെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു. ഇതെല്ലാം റെഡിയാക്കിയ ശേഷമാണ് ജോൺ ലൂഥർ തുടങ്ങിയത്. സിനിമ തുടങ്ങിയ ശേഷം ഫോണിലും ഡയറിയിലുമൊന്നും തൊട്ടില്ല. അതുപോലെ തന്നെ ഇരുന്ന് രണ്ടര മണിക്കൂർ സിനിമയിൽ തന്നെ മുഴുകി.

ഈ സിനിമ കണ്ടതോടെ മലയാള സിനിമയുടെ വലിയ ആരാധകനായി മാറിയിട്ടുണ്ട്. ഇതിനു മുമ്പും പല സിനിമകൾ കണ്ടിട്ടുണ്ട്. കലാ മാസ്റ്റർ പറയുന്നതുപോലെ ‘കിഴിച്ചിട്ടാങ്കേ’ എന്നു പറയേണ്ടി വരും. അതിഗംഭീരം. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീർച്ചയായും കാണണം.’’–അശ്വിൻ കൂട്ടിച്ചേർത്തു. ജയസൂര്യയെ നായകനാക്കി പുതുമുഖ സംവിധായകൻ അഭിജിത് ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ജോൺ ലൂഥർ. കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ സിനിമയുടെ ഛായാഗ്രാഹകൻ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബി വർഗീസ് രാജ് ആയിരുന്നു.