അസുഖമായിട്ട് 11-ാം ദിവസം!! ചിരിക്കുന്ന മുഖം ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്- രചന നാരായണന്‍കുട്ടി

മലയാളത്തിന്റെ പ്രിയ നായികയാണ് രചന നാരായണന്‍കുട്ടി. അവതാരകയായും നര്‍ത്തകിയായും നടിയായും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം. അധ്യാപികയായും റേഡിയോ ജോക്കിയായും ജോലി നോക്കിയ ശേഷമാണ് രചന സിനിമയിലേക്ക് എത്തുന്നത്. ജയറാമിന്റൈ ‘ലക്കിസ്റ്റാര്‍’ സിനിമയിലൂടെയാണ് രചന സിനിമയിലേക്ക്…

മലയാളത്തിന്റെ പ്രിയ നായികയാണ് രചന നാരായണന്‍കുട്ടി. അവതാരകയായും നര്‍ത്തകിയായും നടിയായും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം. അധ്യാപികയായും റേഡിയോ ജോക്കിയായും ജോലി നോക്കിയ ശേഷമാണ് രചന സിനിമയിലേക്ക് എത്തുന്നത്. ജയറാമിന്റൈ ‘ലക്കിസ്റ്റാര്‍’ സിനിമയിലൂടെയാണ് രചന സിനിമയിലേക്ക് എത്തിയത്. പിന്നിട് വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താരം ആരോഗ്യം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിച്ചിരിക്കുകയാണ് താരത്തിന്.

ഡെങ്കിപ്പനി ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എല്ലാവരും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നും നടി ഓര്‍മ്മിപ്പിക്കുന്നു.

എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനവും രോഗം ഭേദമായെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാന്‍. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിയെടുക്കുന്ന വില്ലന്‍.

അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ… രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്…ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയര്‍ത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും).
എന്റെ കഥ വളരെ ദീര്‍ഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്… ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ.

ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.

ഈ ചിത്രങ്ങള്‍ ഈ മാസം ഒന്‍പതാം തിയതി പകര്‍ത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളില്‍. അപ്പോഴത്തെ ഒരു കൗതുകത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല എന്നാണ് താരം കുറിച്ചത്.