‘മുറിവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല’; സുരേഷ് ഗോപിയുടെ എസ്‍ജി 251ന് എന്ത് സംഭവിച്ചു? വെളിപ്പെടുത്തൽ

സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമാണ് എസ്‍ജി 251 എന്ന് താൽക്കാലികമായി പേരിട്ട പ്രൊജക്റ്റ്. രാഹുൽ രാമചന്ദ്രനാണ് സംവിധായകൻ. സ്‍ജി 251 പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി സംവിധായകൻ…

സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമാണ് എസ്‍ജി 251 എന്ന് താൽക്കാലികമായി പേരിട്ട പ്രൊജക്റ്റ്. രാഹുൽ രാമചന്ദ്രനാണ് സംവിധായകൻ. സ്‍ജി 251 പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി സംവിധായകൻ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഗരുഡൻ സിനിമയുടെ വാർത്താ സമ്മേളത്തിലായിരുന്നു എസ്‍ജി 25 നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ആദ്യ വെളിപ്പെടുത്തൽ വന്നത്. രാഹുൽ രാമചന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചുനാളായി പ്രതിസന്ധിയിലാണ് എന്നത് വാസ്‍തവമാണ്. എസ്‍ജി 251ന് ഒരു നിർമാതാവില്ലെന്ന് സിനിമാ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ രാമചന്ദ്രൻ അറിയിച്ചത്.

രാഹുൽ രാമചന്ദ്രന്റെ കുറിപ്പ് വായിക്കാം

അതെ സുരേഷ് ഗോപി സർ കഴിഞ്ഞ ദിവസം നടന്ന ഗരുഡന്റെ പ്രസ്മീറ്റിൽ പറഞ്ഞത് സത്യം തന്നെയാണ്. ഞങ്ങളുടെ എസ്ജി 251ന് പ്രൊഡ്യൂസർ ഇല്ല !! പ്രൊഡക്ഷൻ പ്രശ്നം കഴിഞ്ഞ കുറച്ച് നാളുകളായി നേരിടുകയാണ് എന്നത് വാസ്തവം തന്നെയാണ്. ഈ പ്രസ്സ് മീറ്റ് വീഡിയോ വന്നത് മുതൽ എനിക്ക് വരുന്ന മെസേജുകൾക്കും, കോളുകൾക്കും, അതുപോലെ തന്നെ ഇവിടെ നടന്ന ചർച്ചകൾക്കും ഒരു ക്ലാരിഫിക്കേഷൻ ഞാൻ തന്നെ കൊടുക്കണമെന്ന് തോന്നി അത് ഞാൻ ചുവടെ കൊടുക്കുന്നുണ്ട്

ധർമ്മ യുദ്ധം നടത്തി ജയിച്ചു എന്ന് വീമ്പ് പറഞ്ഞ പാണ്ഡവ പക്ഷത്തെ പതിനെട്ടാം നാൾ വിറപ്പിച്ച ദ്രോണ പുത്രൻ അശ്വത്ഥാമായെ ആരും പാടി പുകഴ്ത്താത്തത് അയ്യാൾ ഒരു ഹീറോ ആകാത്തത് കൊണ്ടല്ല…വേണ്ടപ്പെട്ടവരെ യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും തെറ്റിച്ചു കൊന്നത് അറിഞ്ഞു, അതേ യുദ്ധനിയമങ്ങൾ തെറ്റിച്ചു ആ രാത്രി പാണ്ഡവ കൂട്ടത്തിൽ അയ്യാൾ നടത്തിയ നരവേട്ടയെ പറ്റിയാണ് എല്ലാരും ഓർത്തത്.എന്നാൽ അതിലും അവസാനിപ്പക്കാത്ത പക മനസ്സിൽ ഉള്ള ദ്രോണ പുത്രൻ ലോകം മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ബ്രഹ്‌മശീർഷം ഉത്തരയുടെ ഗർഭത്തിലേക്ക് എയ്ത്, പാണ്ഡവ തലമുറയ്ക്ക് അന്ത്യം വരുത്തിയിട്ടാണ് അയ്യാൾ തന്റെ പക പൂർത്തിയാക്കുന്നത്.

ഇത്രയും പറഞ്ഞത്,ബ്രഹ്‌മശീർഷവുമായി കുറേ അശ്വത്ഥാമായെ പോലുള്ളവർ ചുറ്റുമുണ്ടെന്നറിയാം…ഉത്തരയുടെ ഗര്ഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്…ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങള് കാട്ടുമെന്നറിയാം, അത് കൊണ്ട് മുറുവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല…എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്‌മശീർഷം മതിയാകില്ല നിങ്ങൾക്ക്… ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് #SG251 പുറത്ത് വരുമെന്നതിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്, കഥയും ബഡ്ജറ്റും മനസിലാക്കി അവർ ഇത് മുനോട്ട് കൊണ്ട് പോകുമെന്നുള്ള പൂർണ വിശ്വാസതയോടെ നിർത്തുന്നു.