ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം അക്കാഡമി അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍! ചരിത്ര മുഹൂര്‍ത്തമെന്ന് രാം ചരണ്‍

95ാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയിലേക്ക് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ഗാനവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാട്ടു നാട്ടു എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് ഗാനം ഇടം നേടിയത്.

ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം അറിയിച്ചിരിക്കുകയാണ് രാം ചരണ്‍.
മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് തന്നെ ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് അഭിമാനമാണ്.

എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം എന്നും രാം ചരണ്‍ പറയുന്നു. ആര്‍ആര്‍ആര്‍ ഓസ്‌കറിനായി എന്ന് അര്‍ഥം വരുന്ന ഹാഷ്ടാഗും രാം ചരണ്‍ ട്വീറ്റില്‍ പങ്കുവെച്ചാണ് കുറിപ്പ്.


ചിത്രം ഇറങ്ങും മുമ്പേ ‘നാട്ടു നാട്ടു’ എന്ന ഗാനം ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം പകര്‍ന്നത്. ചന്ദ്രബോസിന്റെ വരികള്‍ ആലപിച്ചത് രാഹുല്‍ കാല ഭൈരവയുമാണ്. ഗാനരംഗത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും ‘നാട്ടു നാട്ടു’ കിടിലന്‍ നൃത്തച്ചുവടുകളും തരംഗമായിരുന്നു. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറഞ്ഞത്.യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത മൂവവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് രാജമൗലി കഥ എഴുതിയിരിക്കുന്നത്.