ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത പയ്യനെ കയ്യോടെ പൊക്കി റസൂല്‍ പൂക്കുട്ടി: പയ്യന്റെ ആവശ്യം കേട്ടപ്പോള്‍ ഞെട്ടി

‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. സിനിമയുടെ ശബ്ദ ലോകത്ത് മാത്രമല്ല, ദൃശ്യ കലയിലും ഇതോടെ റസൂല്‍ പൂക്കുട്ടി തന്റെ കഴിവ് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആസിഫ് അലി, അര്‍ജുന്‍…

‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. സിനിമയുടെ ശബ്ദ ലോകത്ത് മാത്രമല്ല, ദൃശ്യ കലയിലും ഇതോടെ റസൂല്‍ പൂക്കുട്ടി തന്റെ കഴിവ് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട് എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഇടെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചും, സുഹൃത്തിന്റെ സഹായത്താല്‍ ഹാക്കറെ കണ്ടെത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നത്. ഹാക്കര്‍ അധികം പ്രായമല്ലാത്ത ഒരു പയ്യന്‍ ആയിരുന്നു എന്നത് തന്നെ ഞെട്ടിച്ചതായും, എന്തിന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന ചോദ്യത്തിന് പയ്യന്‍ നല്‍കിയ മറുപടി തന്നെ അമ്പരപ്പിച്ചതായും അദ്ദേഹം പറയുന്നു.

റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളിലേയ്ക്ക്:

‘ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഒരിക്കല്‍ ഹാക്ക് ചെയ്തു. എന്റെ മറ്റ് അക്കൗണ്ടുകളിലൂടെ, ഫേസ്ബുക്കിലെ ഈ അക്കൗണ്ട് ഒരാള്‍ ഹാക്ക് ചെയ്ത വിവരം ഞാന്‍ പറഞ്ഞു.ഉടനെ സൈബര്‍ സെല്ലിലെ ഒരാള്‍ എന്നെ സഹായിച്ചു. ഹാക്ക് ചെയ്ത ആളെ ഞങ്ങള്‍ പിടിച്ചു. കൊട്ടാരക്കര ഉള്ള ഒരു പയ്യനായിരുന്നു. അവന് പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ല. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ള സിനിമാക്കാരുടെ കോണ്‍ടാക്ട് കിട്ടി, അവരെ വിളിച്ച് ചാന്‍സ് ചോദിക്കണം, എന്നതായിരുന്നു അവന്റെ ഉദ്ദേശം. സാധാരണ പയ്യനായിരുന്നു, നല്ലവനാണ്, അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ തനിക്ക് നേതെ കള്ളക്കേസ് ഉണ്ടായതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. ആരാധകന്‍ എന്ന പേരില്‍ തന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തയാള്‍ പിന്നീട് തന്റെ മാനേജര്‍ ആണെന്ന പേരില്‍ പലരെയും പറ്റിച്ചതായും ഒടുവില്‍ തനിക്ക് എതിരെ 40 കോടി രൂപയുടെ കള്ളക്കേസ് വന്നതായും അദ്ദേഹം പറഞ്ഞു.

താന്‍ ഏതോ ഒരു സിനിമാ കോപ്പിയടിച്ചു എന്ന പേരിലാണ് കേസ് വന്നതെന്നും, തനിക്ക് യാതൊന്നും അറിയാത്ത വിഷയത്തില്‍ ഒടുവില്‍ 10 ലക്ഷം രൂപയോളം മുടക്കി കേസ് വാദിക്കേണ്ട ഗതികേട് വന്നുവെന്നും അദ്ദേഹം പറയുന്നു. കേസ് ഒടുവില്‍ തള്ളിപ്പോയതായും, സമാന രീതിയിലുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഓസ്‌കാര്‍ ജേതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.