യാസീന്റെ മാന്ത്രിക സംഗീതം കേള്‍ക്കാന്‍ രതീഷ് വേഗ എത്തി!!

പരിമിതികളെ കഴിവുകളാക്കി ശ്രദ്ധേയനായ കുഞ്ഞ് കാലകാരന്‍ യാസീനെ തേടി പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ എത്തി. പുതുപ്പള്ളി പ്രയാര്‍ വടക്ക് എസ്.എസ്. മന്‍സില്‍ ഷാനവാസിന്റെയും ഷൈലയുടെയും മകന്‍ യാസീന്റെ (10) അത്ഭുത കഴിവുകള്‍…

പരിമിതികളെ കഴിവുകളാക്കി ശ്രദ്ധേയനായ കുഞ്ഞ് കാലകാരന്‍ യാസീനെ തേടി പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ എത്തി. പുതുപ്പള്ളി പ്രയാര്‍ വടക്ക് എസ്.എസ്. മന്‍സില്‍ ഷാനവാസിന്റെയും ഷൈലയുടെയും മകന്‍ യാസീന്റെ (10) അത്ഭുത കഴിവുകള്‍ നേരില്‍കാണാനാണ് രതീഷ് വേഗ എത്തിയത്. മുഹമ്മദ് യാസീന്റെ വിസ്മയ പ്രകടനത്തിന് മുന്നില്‍ ശിരസ്സ് നമിച്ചാണ് സംവിധായകന്‍ മടങ്ങിയത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് യാസിനെ കഴിവുകളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. പ്രയാര്‍ കെ.എന്‍.എം യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് യാസീന്‍. സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യാസീനെ മന്ത്രി വി. ശിവന്‍കുട്ടി പരിചയപ്പെട്ടത്.

ജന്മനാ കൈകാലുകള്‍ക്ക് വൈകല്യമുള്ള യാസിന്റെ കഴിവുകള്‍ ബോധ്യപ്പെട്ട മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പങ്കുവച്ചിരുന്നു. യാസീന്റെ കണ്ണുകെട്ടിയുള്ള കീബോര്‍ഡ് വായന അത്ഭുതപ്പെടുത്തന്നതാണ്. മാത്രമല്ല മനോഹരമായി നൃത്തവും ചെയ്യും. സംഗീത സംവിധായകര്‍ ആരെങ്കിലും ഈ കുഞ്ഞ് കലാകാരന് അവസരം കൊടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. അങ്ങനെയാണ് രതീഷ് വേഗ എത്തിയത്. യാസീനെ ലോകത്തെ അറിയിക്കാന്‍ കൂടെയുണ്ട് എന്നാണ് രതീഷ് വേഗ കമന്റിട്ടത്.

കോവിഡ് കാലത്ത് പിതാവ് വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനയിലായിരുന്നു യാസീന് പരിശീലിച്ചത്. ഇപ്പോള്‍ യാസീന്‍ ഏത് ഗാനങ്ങളും കീബോര്‍ഡില്‍ വായിക്കും. നിരവധി സ്റ്റേജ് പരിപാടികളും ചാനല്‍ ഷോകളിലും യാസിന്‍ താരമായി എത്തിയിട്ടുണ്ട്.

മാത്രമല്ല, കീബോര്‍ഡില്‍ ദേശീയ ഗാനവും ദേശീയ ഗീതവും 2.58 മിനിറ്റിനുള്ളില്‍ വായിച്ച റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. ഇടതുകൈയും കാലും ഇല്ല, വലതുകൈ മുട്ടുവരെ മാത്രം. വളഞ്ഞ വലതുകാല്‍ രൂപത്തില്‍ മാത്രമാണ് യാസീന്. എന്നാല്‍, ഇതൊന്നും യാസീന്‍ സ്റ്റേജില്‍ ആടിത്തിമിര്‍ക്കാന്‍ പരിമിതിയല്ല. ഇതോടൊപ്പം പാട്ടുകാരനായും മിമിക്രിക്കാരനായും യാസീന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.