ആടുജീവിതം കാണാന്‍ വരാം, പക്ഷേ ഒരു ആഗ്രഹം..സഫലമാക്കി ബെന്യാമിന്‍

പ്രവാസജീവിതം തനിക്ക് സമ്മാനിച്ച മറക്കാത്ത ദുരനുഭവങ്ങള്‍ നജീബ് സുഹൃത്തിനോട് പങ്കുവച്ചപ്പോള്‍ അത് ആടുജീവിതം എന്ന നോവലാക്കി ബെന്യാമിന്‍ വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതത്തിനെ ബ്ലെസി സ്‌ക്രീനിലും എത്തിച്ചിരിക്കുകയാണ്. ഇന്ന് തിയ്യേറ്ററിലെത്തിയ…

പ്രവാസജീവിതം തനിക്ക് സമ്മാനിച്ച മറക്കാത്ത ദുരനുഭവങ്ങള്‍ നജീബ് സുഹൃത്തിനോട് പങ്കുവച്ചപ്പോള്‍ അത് ആടുജീവിതം എന്ന നോവലാക്കി ബെന്യാമിന്‍ വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതത്തിനെ ബ്ലെസി സ്‌ക്രീനിലും എത്തിച്ചിരിക്കുകയാണ്. ഇന്ന് തിയ്യേറ്ററിലെത്തിയ ചിത്രത്തിനെ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

തന്റെ ജീവിത കഥ നേരില്‍ കാണാന്‍ ആലപ്പുഴയിലെ യഥാര്‍ഥ നജീബും എത്തിയിരുന്നു. ആടുജീവിതം ടി ഷര്‍ട്ട് ധരിച്ചുകൊണ്ട് യഥാര്‍ഥ നജീബ് എത്തിയത്. ആ ടീ ഷര്‍ട്ടിന് പിന്നിലുള്ള കഥ പങ്കിട്ടിരിക്കുകയാണ് ബെന്യാമിന്‍.

ഒന്നും ആവശ്യപ്പെടാത്ത നജീബ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരേ ഒരാഗ്രഹമാണ് പടത്തിന്റെ റിലീസ് ദിവസം തനിക്കും സുഹൃത്തുക്കള്‍ക്കും ധരിക്കാന്‍ ആടുജീവിതം ടി ഷര്‍ട്ട് എത്തിക്കണമെന്നുളളത്. ഇന്നലെ തന്നെ ടി ഷര്‍ട്ട് എത്തിച്ചുകൊടുക്കുകയും രാത്രി തന്നെ നജീബും സുഹൃത്തുക്കളും ടി ഷര്‍ട്ട് ധരിച്ചുകൊണ്ടുളള ചിത്രം അയച്ചു തന്നുവെന്നും ബെന്യാമിന്‍ പറയുന്നു.

ചിത്രം തിയറ്ററില്‍ എത്തുന്ന ദിവസം നജീബിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും ഏവരും സിനിമ കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കണമെന്നും ബെന്യാമിന്‍ പറയുന്നു.

അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാന്‍ ഞങ്ങള്‍ക്ക് ഒരു സെറ്റ് ടി-ഷേര്‍ട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത.

ഇന്ന് ഞങ്ങള്‍ ഒന്നിച്ച് സിനിമ കാണും. ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്‌ക്രീനുകളില്‍ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കുടുംബസമേതം ചിത്രം കാണാന്‍ തിയ്യേറ്ററിലെത്തണമെന്നായിരുന്നു നജീബും കുടുംബവും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കൊച്ചുമകള്‍ വിടപറഞ്ഞ ദു:ഖത്തിലാണ് കുടുംബം ഒന്നടങ്കം. എങ്കിലും ബ്ലെസിയുടെ വാക്കില്‍ നജീബ് ചിത്രം കാണാന്‍ എത്തി. താന്‍ അനുഭവിച്ചതെല്ലാം പൃഥ്വിയ്ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും നജീബ് പങ്കുവച്ചിരുന്നു.