‘ മനസ്സ് മാറ്റിയത് രജനീകാന്ത്’ ; തന്റെ തിരിച്ചുവരവിനെ കുറിച്ച് വെളിപ്പെടുത്തി നടി രേഖ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികൾ അത്ര കണ്ടാണ് സ്വീകരിച്ചത്. റാംജി റാവു സ്പീക്കിംഗ്, കിഴക്കുണരും പക്ഷി, ദശരഥം, സാമൂഹ്യപാഠം, പൂക്കാലം വരവായി. തുടങ്ങി രേഖ അനശ്വരമാക്കിയ നായികാ വേഷങ്ങള്‍ ഒരു…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികൾ അത്ര കണ്ടാണ് സ്വീകരിച്ചത്. റാംജി റാവു സ്പീക്കിംഗ്, കിഴക്കുണരും പക്ഷി, ദശരഥം, സാമൂഹ്യപാഠം, പൂക്കാലം വരവായി. തുടങ്ങി രേഖ അനശ്വരമാക്കിയ നായികാ വേഷങ്ങള്‍ ഒരു പാടുണ്ട്. പിന്നീട് വിവാഹിതയായതോടെ രേഖ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ അധികനാള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല. തിരികെ വന്ന രേഖ വീണ്ടും മിന്നും പ്രകടനങ്ങളുമായി സിനിമയിൽ സജീവമായി മാറി. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെക്കുറിച്ച് രേഖ മനസ് തുറക്കുകയാണ്. താന്‍ തിരിച്ചു വരാന്‍ കാരണം നടൻ രജനീകാന്ത് ആണെന്നാണ് രേഖ പറയുന്നത്. മലയാളത്തിലെ ഒരു മാസികയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് രേഖ ആ കഥ പങ്കുവച്ചത്. വിവാഹത്തോടെ നടിമാർ സിനിമ ചെയ്യുന്നതു നിര്‍ത്തണം എന്നില്ല. വിവാഹം കഴിയുന്നതോടെ ഉത്തരവാദിത്തങ്ങള്‍ കൂടൂം. അവ നിര്‍വ്വഹിക്കണം. ഭര്‍ത്താവ് ഹാരിസ് ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് ബിസിനസ് ചെയ്യുന്ന ആളാണ്. മകള്‍ അഭി റെയ്‌ന ഹാരിസ് യുഎസിലാണ്. മകള്‍ കുട്ടിയായിരിക്കുമ്പോള്‍ അവളുടെ കാര്യങ്ങള്‍ നോക്കണം. ഒപ്പം നില്‍ക്കണം. അതിനായി അഞ്ച് വര്‍ഷം ബ്രേക്കെടുത്തു എന്നും  രേഖ പറയുന്നു. ആ സമയത്ത് ഒരിക്കല്‍ രജനീകാന്ത് സാറിനെ കാണാന്‍ ഇടയായി.

ഭര്‍ത്താവ് അദ്ദേഹത്തിന്റെ ആരാധകനാണ്. സംസാരത്തിനിടെ അദ്ദേഹം ഹാരിസിനോട് ചോദിച്ചു, ഇവര്‍ നല്ല ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാണ്. ഇങ്ങനെ വെറുതേ ഇരുത്തരുത്. ഇപ്പോള്‍ കുട്ടിയുടെ കാര്യം നോക്കിയിരിക്കാമെന്ന് തോന്നും. അവര്‍ പഠിപ്പും ജോലിയുമൊക്കെയായി പറന്നു പോകുമ്പോള്‍ ജീവിതം ശൂന്യമായ പോലെ തോന്നാം. അതിനനുവദിക്കരുത്. രജനി സാറിന്റെ ആ വാചകങ്ങള്‍ ഏറെ പ്രചോദനം തന്നുവെന്നാണ് രേഖ പറയുന്നത്. അന്ന് ഹാരിസ് എന്നോട് ചോദിച്ചു. നിനക്ക് അഭിനയിക്കണോ? ഞാന്‍ അഭിനയം തുടരാന്‍ ആഗ്രഹമുണ്ടെന്ന് മറുപടി പറഞ്ഞു. മകള്‍ക്ക് അവളുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയുമെന്നുറപ്പായപ്പോള്‍ ഞാന്‍ കരിയറിലേക്ക് മടങ്ങി വന്നു. തുടക്കം രാധികയുടെ റാഡന്ഡ കമ്പനിയുടെ തെലുങ്ക് സീരിയലിലായിരുന്നു.

മന്ദാരം എന്ന സീരിയല്‍ കൂടി ചെയ്ത ശേഷമാണ് റോജാക്കൂട്ടം മുതല്‍ ഇങ്ങോട്ട് തമിഴിലും മലയാളത്തിലുമായി ധാരാളം നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയെന്നും രേഖ പറയുന്നു. ഗോപിക, നവ്യ, സംയുക്ത, തുടങ്ങിയ കുട്ടികളുടെ കൂടെയൊക്കെ അഭിനയിച്ചു. വൈരം, നഗരം, പച്ചക്കുതിര, ഇന്‍ ഹരിഹര്‍ നഗര്‍, ചിന്താമണി കൊലക്കേസ്, ഇവര്‍ വിവാഹിതരായാല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, തുടങ്ങി ഒരുപാട് നല്ല സിനിമകള്‍ മലയാളം തന്നു. പണത്തേക്കാള്‍ എനിക്ക് പ്രധാനം നല്ല കഥാപാത്രങ്ങളാണ്. ധൃതിപിടിച്ച് ധാരാളം സിനിമ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും രേഖ പറയുന്നു. പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടിക്കേണ്ടതില്ല. നല്ല കഥാപാത്രങ്ങള്‍ ചെറിയ പ്രായത്തിലുള്ളവര്‍ക്കേ കിട്ടൂ എന്നില്ല. സുകുമാരിയമ്മ, മനോരമ തുടങ്ങിയവര്‍ പ്രായമായ ശേഷം എത്ര നല്ല വേഷങ്ങള്‍ ചെയ്തു. അത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കാനാണ് ആഗ്രഹം. ഭാഗ്യവശാല്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. വൻ താരനിര അണിനിരന്ന ബാംഗ്ലൂര്‍ ഡേയ്‌സിൽ പാർവതി തിരുവോത്തിന്റെ അമ്മയായി എത്തിയത് രേഖ ആയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനമാണ് രേഖ കാഴ്ച വെച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഞാനൊരു അമ്മയായ ശേഷമാണ് അഭിനയിക്കാനെത്തുന്നത്. അതുകൊണ്ട് സ്ക്രീനിലും അമ്മയാകാന്‍ ഒരു മടിയുമില്ലെന്നും രേഖ വ്യക്തമാക്കുന്നുണ്ട്.