‘പ്രേക്ഷകന്റെ മുൻവിധികളെ അപ്രസക്തമാക്കി കൊണ്ടാണ് വെടിക്കെട്ട് എന്ന സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്’

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും…

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പ്രേക്ഷകന്റെ മുന്‍വിധികളെ അപ്രസക്തമാക്കി കൊണ്ടാണ് വെടിക്കെട്ട് എന്ന സിനിമ മുന്നോട്ട് സഞ്ചരിക്കുന്നതെന്നാണ് രശ്മി അനില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കീഴാള സംസ്‌കാരത്തിന്റെ ദൃശ്യ ഭാഷകള്‍
#വെടിക്കെട്ട്
വിഷ്ണു ഉണ്ണികൃഷ്ണനും വിപിന്‍ ജോര്‍ജും സംയുക്തമായി സംവിധാനം ചെയ്ത വെടിക്കെട്ട് എന്ന സിനിമ ശ്രദ്ധേയമാകുന്നത് പ്രമേയപരമായി ആ ചിത്രം സ്വീകരിച്ചിരിക്കുന്ന നിലപാടുകളാലാണ്. മഞ്ഞപ്ര കറുങ്കോട്ട എന്നീ രണ്ടു ദേശം / മേഖലകളിലെ സംഘര്‍ഷങ്ങള്‍, അവയ്ക്കിടയില്‍ ഉണ്ടാകുന്ന പ്രണയം, അതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍. ,വിശ്വാസങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ച് നീങ്ങുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നത് കേരളീയ പൊതുമണ്ഡലത്തിലെ ജാതിബോധങ്ങളെയും ജാതിവഴക്കങ്ങളെയും അവയ്ക്കിടയില്‍ സാധ്യമായിരിക്കുന്ന സങ്കീര്‍ണ്ണാവസ്ഥകളെയുമാണ് എന്ന് വ്യക്തമാണ്.
കേരളീയ പൊതുമണ്ഡലത്തിലെ വ്യത്യസ്തങ്ങളായ സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ചിത്രത്തില്‍ സൂചിപ്പിച്ചു പോകുന്നുണ്ടെങ്കില്‍ തന്നെയും അതിലേറെ ശ്രദ്ധേയമാകുന്നത് ഈ ജാതി പരാമര്‍ശങ്ങളാണ് എന്നുള്ളത് വ്യക്തമാണ്. ഈഴവരും ദളിതരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, അതിന്റെ കാര്യകാരണങ്ങള്‍ എന്നിവയിലേക്കുള്ള വിശദാംശങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
ജാതി കേന്ദ്രീകൃതമായ നെടുനെടുങ്കന്‍ ഡയലോഗുകളിലൂടെ അല്ല മറിച്ച് ഓരോ ഫ്രയിമിലും നിറയുന്ന ജാതി മുദ്രകളിലൂടെയാണ് [ ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നിവരുടെ ചിത്രങ്ങള്‍, പ്രതിമകള്‍ മഞ്ഞ പച്ച നീല കൊടി തോരണങ്ങള്‍, വ്യത്യസ്ത സമുദായങ്ങളിലെ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ ഗാനങ്ങള്‍ ,വസ്ത്രഭാഷ etc etc ] ഈഴവരുടെയും ദളിതരുടെയും സാംസ്‌കാരിക ഭൂപടത്തെ വെടിക്കെട്ട് അടയാളപ്പെടുത്തുന്നത്.
നവോത്ഥാനവും ആധുനികതയും പിന്നിട്ട് മുന്നോട്ട് നീങ്ങുന്ന കേരളീയ പൊതുമണ്ഡലത്തില്‍ ജാതിബോധങ്ങള്‍ ഇപ്പോഴും ദൃഢതരമായി നിലനില്‍ക്കുന്നുണ്ടോ എന്നുള്ള ചോദ്യം കാല്‍പനികവും സവര്‍ണ്ണവുമായ ഒരു മണ്ഡലത്തില്‍ ഇരുന്നുകൊണ്ട് മാത്രമേ ഇത്രമേല്‍ നിഷ്‌ക്കളങ്കമായും നിരുദ്രവകരമായും ചോദിക്കുവാന്‍ കഴിയുള്ളൂ.
ജാതിയെന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാവിധ തീക്ഷ്ണതകളോടെയും തീവ്രതകളോടെയും സങ്കീര്‍ണ്ണതകളോടെയും നിരന്തമായി നിലനിര്‍ത്തിക്കൊണ്ടാണ് കേരളീയ സമൂഹം മുന്‍പോട്ടു ചലിച്ചുകൊണ്ടിരിക്കുന്നത് എന്നിരിക്കെ ,വര്‍ഗ്ഗ ബോധങ്ങള്‍ കേവലം സങ്കുചിത ചിന്തകളുടെ ഉല്‍പ്പന്നങ്ങളള്‍ മാത്രമാണ് എന്ന വരേണ്യ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ചേരികളും കോളനികളും തുരുത്തുകളും പുറംപോക്കുകളും അവിടങ്ങളിലെ അരക്ഷിതമായ മനുഷ്യജീവിതങ്ങള്‍ പുലര്‍ത്തി പോരുന്ന ദൈന്യതകളെയും അറിയണമെങ്കില്‍ ആ ഭൂഭാഗങ്ങളിലെ ജാതീയമായി പിന്നോക്കം നില്‍ക്കുന്ന ജനതയുടെ സാംസ്‌കാരിക ജീവിത പരിസരത്തെ അറിഞ്ഞുകൊണ്ട് മാത്രമേ സാധിക്കുകയുള്ളു.
മുഖ്യധാരയില്‍ നിന്ന് തിരസ്‌കൃതമാക്കപ്പെട്ടതും വികസനത്തിന്റെ പുതു പൊന്‍കിരണങ്ങള്‍ കടന്നു ചെല്ലാന്‍ മടിക്കുന്നതുമായ ഒരു ഭൂപ്രദേശത്ത് ,അത്രമേല്‍ നികൃഷ്ടമായും അപരിഷ്‌കൃതരായും ഒരു ജനതയ്ക്ക് ഒരു ജീവിതം എങ്ങനെയാണ് സാധ്യമായി കൊണ്ടിരിക്കുന്നത് എന്നുള്ളതിന്റെ രാഷ്ട്രീയ അടയാളങ്ങളാണ് കറുങ്കോട്ടയില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയുന്നത്. കാല്പനികവല്‍ക്കരിക്കപ്പെട്ടതും പൈങ്കിളി വല്‍ക്കരിക്കപ്പെട്ടതുമായ ഒരു വിജാതീയ പ്രണയത്തിന്റെ ഏകപക്ഷീയമായ , വിരസമായ കാഴ്ചകള്‍ ഇത്തരത്തിലുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെ ,വിരസമായ കാഴ്ചകളോട് ക്ഷമിക്കാവുന്നതാണ്. .
ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രന്റെ ദൃശ്യ ഭാഷയിലും പ്രമേയഘടനയിലും കടന്നുകൂടിയ ദുര്‍ബലതകള്‍ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെങ്കില്‍ തന്നെയും അതിനപ്പുറത്ത് ചിത്രം ഉയര്‍ത്തി മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകള്‍ ഏറെ പ്രസക്തമെന്നു തന്നെയാണ് വിചാരിക്കാവുന്നത്. ചേരി /കോളനി / തുരുത്ത് /പുറമ്പോക്ക് എന്നിവിടങ്ങളിലെ അപരിഷ്‌കൃതമായ ജീവിതങ്ങളെ കേന്ദ്രീകരിച്ച് മലയാള സിനിമ നിരന്തരമായി ഉത്പാദിപ്പിച്ചു പോന്ന അശ്ലീല വത്കരിക്കപ്പെട്ട ഹാസ്യ മാതൃകകളെ പുനര അവതരിപ്പിക്കുക എന്ന ദൗത്യത്തില്‍ നിന്ന് ബോധപൂര്‍വമായ വിടുതലുകള്‍ വെടിക്കെട്ട് എന്ന സിനിമ പ്രഖ്യാപിക്കുന്നുണ്ട്.
കീഴാള സൗന്ദര്യശാസ്ത്രത്തിന്റെ മുദ്രകളെ ബോധപൂര്‍വമായി തന്നെ ഓരോ ഫ്രെയിമിലും ഈ ചിത്രത്തിന്റെ സംവിധായകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വ്യക്തമായും കാണികള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതാണ് .വസ്ത്ര ഭാഷ ,ഭക്ഷണം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ സംസാരഭാഷ ,ശരീരഭാഷ എന്നിവയടക്കം ഒട്ടനവധി ഒട്ടനവധി ഘടകങ്ങളില്‍ തന്നെ ജാഗ്രത പുലര്‍ത്തി കൊണ്ടാണ് അവ ഫ്രെയിമുകളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നത്.അതി നിഷ്‌കളങ്കമായ ഒരു നിലയില്‍ ഒരു ഹാസ്യ ചിത്രത്തെ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകന്റെ മുന്‍വിധികളെ അപ്രസക്തമാക്കി കൊണ്ടാണ് വെടിക്കെട്ട് എന്ന സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത് .ജാതി എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമകള്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ തന്നെ വിപുലമായ നിലയില്‍ അഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയിലും അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകുന്നു എന്നുള്ളത് ഏറെ പ്രതീക്ഷാവഹം തന്നെയാണ്.നായാട്ട് ,പുഴു ,പട ഉള്‍പ്പെടെ അനവധി ചിത്രങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ തുടര്‍ച്ചകള്‍ വെടിക്കെട്ടിലൂടെയും സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്.
രശ്മി അനില്‍.