സുരേഷ് ഗോപിച്ചേട്ടന്‍ നിരപരാധിയാണ്!! ഓട്ടോ വിറ്റിട്ടാണെങ്കിലും അദ്ദേഹത്തെ ജാമ്യത്തിലെടുക്കും- രേവന്ദ് ബാബു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെയാണ് കേസ് എടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്.

കേസ് എടുത്ത പശ്ചാത്തലത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ രേവന്ദ് ബാബു. ആലുവ സംഭവത്തിലുടെയും അരിക്കൊമ്പന് വേണ്ടിയിറങ്ങിയും വൈറലായിരുന്നു രേവന്ദ്.

കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

‘കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ ജാമ്യത്തിലെടുക്കും. സുരേഷ് ഗോപിച്ചേട്ടന്‍ നിരപരാധിയാണെന്നും രേവന്ദി പറയുന്നു.

ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാന്‍ എപ്പോഴും. എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി’ -എന്നാണ് രേവന്ദ് കുറിച്ചത്.

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഈ മാസം 2 നായിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരമായിരുന്നു സഹകാരി സംരക്ഷണ പദയാത്ര നടന്നത്.