‘ഒരുപാട് കാലത്തെ സമയവും പ്രയത്‌നവും’: പാര്‍വ്വതിക് പിന്നാലെ വിമര്‍ശനവുമായി റീമയും

സിനിമ ഇന്‍ഡസ്ട്രിയില്‍ വനിതാ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഠനം നടത്തുന്നതിന് രൂപം നല്‍കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിന് എതിരെ വിമര്‍ശനവുമായി നടി റീമ കല്ലിങ്കല്‍. തങ്ങളുടെ ഒരുപാട് കാലത്തെ സമയവും…

സിനിമ ഇന്‍ഡസ്ട്രിയില്‍ വനിതാ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഠനം നടത്തുന്നതിന് രൂപം നല്‍കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിന് എതിരെ വിമര്‍ശനവുമായി നടി റീമ കല്ലിങ്കല്‍. തങ്ങളുടെ ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അതെന്നും റിപ്പോര്‍ട്ടില്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും റീമ പറയുന്നു.

‘ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്’, റീമ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് എതിരെ പരസ്യ പ്രതികരണവുമായി നടി പാര്‍വ്വതിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന സൂചനയും പാര്‍വ്വതി നല്‍കിയിരുന്നു.