റോഷാക്ക്‘ഉം അതിൻ്റെ ‘വൈറ്റ് റൂം ടോർച്ചറും എന്താണ് ഉദ്ദേശിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘റോഷാക്ക്‘ൻ്റെ ട്രയിലർ കണ്ട് തീരുന്നിടത്ത് നാം കാണുന്നത് ഫുൾ വെള്ള നിറത്തിലുള്ള ഒരു റൂമിൽ, മുറി മാത്രമല്ല, മുറിയിലുള്ളതെല്ലാം വെള്ള നിറത്തിൽ ആയിരിക്കുന്ന സ്ഥലത്ത്, വെളുത്ത ഡ്രസ്സിൽ മമ്മൂട്ടി…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘റോഷാക്ക്‘ൻ്റെ ട്രയിലർ കണ്ട് തീരുന്നിടത്ത് നാം കാണുന്നത് ഫുൾ വെള്ള നിറത്തിലുള്ള ഒരു റൂമിൽ, മുറി മാത്രമല്ല, മുറിയിലുള്ളതെല്ലാം വെള്ള നിറത്തിൽ ആയിരിക്കുന്ന സ്ഥലത്ത്, വെളുത്ത ഡ്രസ്സിൽ മമ്മൂട്ടി ഇരിക്കുന്ന കാഴ്ച്ചയാണ്. ഒറ്റ നോട്ടത്തിൽ… ആഹാ കാണാൻ നല്ല രസം. വീട്ടിലും പണിയിക്കണം ഇങ്ങനെ ഒരു മുറി…. എന്നൊക്കെ തോന്നിയേക്കാം. പക്ഷെ അക്ഷരാർത്ഥത്തിൽ അത്ര രസമുണ്ടോ അത്? ഒരിക്കലുമില്ല. രസമില്ലാ എന്ന് മാത്രമല്ല, അത് ഒരു ശിക്ഷാരീതി കൂടിയാണ്. ‘വൈറ്റ് ടോർച്ചർ‘ അഥവാ ‘വൈറ്റ് റൂം ടോർച്ചർ‘ എന്ന പേരിൽ അറിയപ്പെടുന്ന ശിക്ഷാവിധി ഇന്നും നടപ്പിലാക്കുന്ന ചില രാജ്യങ്ങൾ തന്നെയുണ്ട്. എന്താണ് ‘വൈറ്റ് റൂം ടോർച്ചർ‘? ‘വൈറ്റ് റൂം ടോർച്ചർ‘ (വെളുത്ത മുറിയിലെ പീഡനം) എന്ന് വിളിക്കപ്പെടുന്ന ഒരു ശിക്ഷാരീതി. കുറ്റവാളിയെ പൂർണ്ണമായും വെളുത്ത ഒരു മുറിയിൽ – (വെളുത്ത ചുമരുകൾ വെളുത്ത വാതിൽ, എന്തിനേറെ പറയുന്നു, വിളമ്പുന്ന ഭക്ഷണം പോലും വെളുത്തതായിട്ടുള്ള ഒരു മുറിയിൽ) – അടക്കുന്നു. കുളിമുറിയും അടിസ്ഥാന സൗകര്യങ്ങളും തുടങ്ങി എന്തെല്ലാമുണ്ടോ അതെല്ലാം പൂർണ്ണമായും വെള്ള നിറം. ഇങ്ങനെയുള്ള മുറിയിൽ നിങ്ങളുടെ ശബ്ദം മാത്രമേ കേൾക്കാനാവൂ. അതായത് നോക്കുന്നിടത്തെല്ലാം വെളുപ്പ്, അതിനൊപ്പം നിശബ്ദതയുടെ വേറേ ലെവൽ. വെളിച്ചവും കൂടുതൽ.

ഇരുട്ട് / കറുപ്പ് എന്നൊന്ന് ഈ മുറിയിൽ ഉണ്ടാവുന്നേ ഇല്ല. സാധാരണയായി ഒരു വ്യക്തി / കുറ്റവാളി ഈ മുറിയിൽ താമസിക്കാൻ തുടങ്ങിയാൽ പിന്നെ മാനസികമായി അവർ തകരും. കാര്യങ്ങൾ തിരിച്ചറിയാൻ ഉള്ള സെൻസ്, ഇന്ദ്രിയങ്ങളുടെ പ്രവർത്തനം ഇവയേയെല്ലാം, വെളുപ്പും വെളിച്ചവും താറുമാറാക്കുന്നു. അവർ പെട്ടെന്ന് കാര്യങ്ങൾ മറന്നേക്കാം, ചിലപ്പോൾ അവരുടെ മാതാപിതാക്കളുടെ രൂപം പോലും മറക്കും. അത്രക്ക് മനസികപീഡനമാണ് ‘വൈറ്റ് ടോർച്ചർ‘. ശാരീരിക വേദനയേക്കാൾ ഫലപ്രദമാണ് മാനസിക വേദന എന്ന ആശയത്തിൽ ഇറാനാണ് തുടങ്ങിവച്ചത് എങ്കിലും പിന്നീട് വെനിൻസുല, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാൻവേഷണ വിഭാഗവും ഈ ശിക്ഷാരീതി പരീക്ഷിച്ചിട്ടുള്ളതായി തെളിവുകൾ ഉണ്ടത്രെ. വൈറ്റ് റൂം ടോർച്ചറിനു വിധേയരാക്കപ്പെട്ട് പുറത്തിറങ്ങിയ മിക്കവർക്കും ഉറക്കഗുളികൾ ഇല്ലാതെ ഉറങ്ങാനാവില്ലാത്ത അവസ്ഥ വരുന്നു. ചിലർ ആത്മഹത്യ തന്നെ ചെയ്തതായും പറയപ്പെടുന്നു. അധികമായാൽ വെളുപ്പ് കറുപ്പിനേക്കാൾ ഭയാനകമെന്ന് സാരം. മറ്റേതോ രാജ്യത്ത് ‘വൈറ്റ് റൂം ടോർച്ചറിനു‘ വിധേയനായിട്ടുള്ള ലൂക്ക് ആൻ്റണി (മമ്മൂട്ടി) നാട്ടിലെത്തിയിട്ട് ചെയ്യുന്ന പ്രതികാരകഥയാണ് ഈ സിനിമ പറയുന്നതെങ്കിൽ. മാനസികപിരിമുറുക്കങ്ങളുടെ അവസാനവാക്കും അനുഭവിച്ച് വരുന്നയാളുടെ മനസിൻ്റെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലാൻ ‘റോഷാക്ക്‘ എന്ന സൈക്കോളജിക്കൽ ടെസ്റ്റ് തന്നെ വേണ്ടി വരും.