തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച ഒരു നടൻ !!

കുട്ടിക്കാലത്ത്, എന്റെ നായക സങ്കൽപ്പങ്ങൾക്ക് തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച ഒരാളായിരുന്നു വേണു നാഗവള്ളി. പണ്ട് ദൂരദർശനിൽ വരുന്ന പടങ്ങളിലെല്ലാം ഒരു ലോഡ് കല്ലുമായി കുളക്കരയിൽ വന്നിരുന്നു ഓരോ കല്ലുകളെടുത്ത് കുളത്തിലേക്ക് എറിഞ്ഞു…

കുട്ടിക്കാലത്ത്, എന്റെ നായക സങ്കൽപ്പങ്ങൾക്ക് തികച്ചും വിരുദ്ധമായ വേഷങ്ങൾ അവതരിപ്പിച്ച് വെറുപ്പിച്ച ഒരാളായിരുന്നു വേണു നാഗവള്ളി. പണ്ട് ദൂരദർശനിൽ വരുന്ന പടങ്ങളിലെല്ലാം ഒരു ലോഡ് കല്ലുമായി കുളക്കരയിൽ വന്നിരുന്നു ഓരോ കല്ലുകളെടുത്ത് കുളത്തിലേക്ക് എറിഞ്ഞു കൊണ്ടിരിക്കുന്ന വേണു നാഗവള്ളിയെ അക്കാലത്ത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞാണ് അദേഹം ഒരു ബഹുമുഖ പ്രതിഭയാണെന്ന് ഞാൻ തിരിച്ചറിയുന്നത്. അഭിനയത്തിലുപരി കഥ, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലും അദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ കിലുക്കത്തിന്റെ തിരക്കഥ രചിച്ചത് വേണു നാഗവള്ളിയാണ് എന്ന വിവരം എന്നെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്. ” എന്നെ വച്ചൊരു ഹിറ്റൊരുക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവ് കേടാണ് ” എന്ന് പറഞ്ഞ മമ്മൂട്ടിക്ക് മറുപടി നൽകാൻ സത്യൻ അന്തിക്കാട് ആശ്രയിച്ചത് വേണു നാഗവള്ളിയെയാണ് എന്നത് എന്നെ അതിലേറെ ആശ്ചര്യപ്പെടുത്തി.

മമ്മൂട്ടി ബെൻ നരേന്ദ്രനായി ഷൈൻ ചെയ്ത അർത്ഥത്തിന്റെ തിരക്കഥ വേണുവിന്റേതായിരുന്നു. ഒരു പ്രിയദർശൻ ചിത്രം പോലെ രസകരമായി തോന്നിയ ” ഏയ് ഓട്ടോ ” സംവിധാനം ചെയ്തത് വേണു നാഗവള്ളിയാണ് എന്നത് ആദ്യമൊക്കെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വേണു നാഗവള്ളിയുടെ പ്രഥമ സംവിധാന സംരംഭമായ സുഖമോ ദേവി ആത്മാംശം പേറുന്ന ഒന്നായിരുന്നു. അതി മനോഹരമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു ആ ചിത്രം. സർവ്വകലാശാലയിലൂടെ മോഹൻലാലിനെ ലാലേട്ടനാക്കി മാറ്റിയതും വേണുവാണ്. റിലീസ് വേളയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാത്ത സ്വാഗതം എന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം ചിത്രങ്ങളിലെയും നായിക ഉർവ്വശിയും സംഗീതം രവീന്ദ്രൻ മാസ്റ്ററുമായിരുന്നു. യേശുദാസ് – രവീന്ദ്രൻ ടീമിന്റെ വിഖ്യാതമായ ഒട്ടേറെ ഗാനങ്ങൾ വേണു നാഗവള്ളിയുടെ ചിത്രങ്ങളിലായിരുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്. സുഖമോ ദേവിയിലെയും കിഴക്കുണരും പക്ഷിയിലേയും ഗാനങ്ങൾക്ക് ഇന്നും ആരാധകരേറെയുണ്ട്. ഒരു നടനെന്ന നിലയിൽ വൈവിധ്യവും ശ്രദ്ധേയവുമായ അധികം വേഷങ്ങൾ ചെയ്യാൻ വേണു നാഗവള്ളിക്ക് കഴിഞ്ഞില്ല.

കെ.ജി.ജോർജ്ജിന്റെ ഉൾക്കടലിലെ രാഹുലൻ ഏറെ ആരാധകരെ വേണുവിന് നേടിക്കൊടുത്തിരുന്നു. സങ്കടം ഒളിപ്പിച്ചു വച്ച കണ്ണുകളായിരുന്നു രാഹുലന്റെ മുഖമുദ്ര. പിൽക്കാലത്ത് രാഹുലന്റെ നിഴലിലുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ” ആസ്ഥാന ദേവദാസ് ” ആയി വേണു മാറി. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒട്ടേറെ പ്രൊജക്റ്റുകൾ ചെയ്യാനുള്ള പൊട്ടൻഷ്യൽ അവശേഷിക്കെ അപ്രതീക്ഷിതമായി അദേഹം നമ്മളെ വിട്ടു പിരിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ സ്മരണ ദിനമാണ്. ആ ദീപ്ത സാനിധ്യം വിട പറഞ്ഞിട്ട് ഇന്ന് ഒരു വ്യാഴവട്ടം