ആൺ ശരീരത്തിൽ ജനിച്ച് പെൺ സ്വത്വത്തിലേക്കും മാറുന്നവർക്കുള്ള ആദരം കൂടിയാണിത് ; ഫാഷൻ ലോകത്ത് വിസ്മയം തീർത്ത് റോഷ്‌ന !

സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയായി മാറുന്നത് വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ്. ചലച്ചിത്ര താരം റോഷ്‌ന ആൻ റോയ് ആണ് ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചത് എന്നതാണ് ഇതിൽ എടുത്ത് പറയേണ്ടത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും സാരി…

സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയായി മാറുന്നത് വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ്. ചലച്ചിത്ര താരം റോഷ്‌ന ആൻ റോയ് ആണ് ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചത് എന്നതാണ് ഇതിൽ എടുത്ത് പറയേണ്ടത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും സാരി ഉടുക്കാം. അത് സമൂഹത്തിനു മുന്നിൽ വ്യത്യസ്തമായ ഒരു ഫാഷൻ ലോകം തന്നെ സൃഷ്ടിക്കുമെന്ന് കാണിച്ചു തരികയാണ് റോഷ്‌ന തന്റെ പുത്തൻ ആശയത്തിലൂടെ. കറുത്ത സാരിയും അതിനു ചേരുന്ന സ്വർണാഭരണങ്ങളുമണിഞ്ഞുള്ള രണ്ട് പുരുഷന്മാരെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒപ്പം തന്നെ ഒരു സ്ത്രീയുമുണ്ട്. ഈ ഫാഷിണ് കുറിച്ച് റോഷ്‌നയ്‌ക്ക് പറയാനുള്ളത് ഇങ്ങനെയായിരുന്നു. “ആണുങ്ങളുടെ ജീൻസും ഷർട്ടും ടീ ഷർ‌ട്ടുമൊക്കെ പെൺകുട്ടികൾ അണിയുമ്പോൾ ‘ആഹാ…’ എന്നു പറയുന്ന മലയാളിക്ക് തിരിച്ച് ഇങ്ങനെയൊരു കാഴ്ച ദഹിച്ചുവെന്നു വരില്ല. ആണുങ്ങൾ ചുരിദാറിട്ടാലോ സാരിയുടുത്താലോ പരിഹസിക്കാൻ ആളുണ്ടാകും. പക്ഷേ ഓരോ ആണിന്റെയുള്ളിലും പെൺമയുടെ ഒരംശം എങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുപോലെ പെണ്ണിന്റെ ഉള്ളിലും. പലരും സമ്മതിക്കാത്ത, പുറത്തു പറയാൻ മടിക്കുന്ന പുരുഷത്വത്തിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന പെൺമയുടെ പ്രതീകങ്ങളാണ് ഈ കാഴ്ച. ഭാവങ്ങൾ കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും ചില സ്ത്രീകൾ പുരുഷൻമാരെ ഓർമിപ്പിക്കാറുണ്ട്. നമ്മൾ പറയാറില്ലേ… അവൾക്ക് ആണുങ്ങടെ സ്വഭാവമാ.അതുപോലെ ഏതു വീരശൂര പരാക്രമിയായ ആണിന്റെ ഉള്ളിലും പെൺമയോട് ഇഴുകി ചേർന്നിരിക്കുന്ന ചില ഇഷ്ടങ്ങളും സ്വഭാവങ്ങളുമുണ്ടാകും. സാരിയുടുത്ത് പെൺ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ സുന്ദരൻമാർ ഒരു എളിയ സന്ദേശമാണ്. ഓരോ ആണിന്റെയുള്ളിലും പെൺമയുടെ തരിയെങ്കിലും ഉറങ്ങിക്കിടപ്പുണ്ടാകും എന്ന ഓർമപ്പെടുത്തൽ. പെണ്‍ ശരീരത്തിൽ പിറവികൊണ്ട് ആണ്‍ സ്വത്വത്തിലേക്കും ആൺ ശരീരത്തിൽ ജനിച്ച് പെൺ സ്വത്വത്തിലേക്കും മാറുന്ന ട്രാൻസ് വിഭാഗങ്ങളെ കണ്ടിട്ടില്ലേ. അവരെ അംഗീകരിക്കാനും അവരുടെ ഐഡന്റിറ്റിയെ ബഹുമാനിക്കാനും എത്ര പേർ തയ്യാറായിട്ടുണ്ട്. അവർക്കുള്ള ആദരം കൂടിയാണ് ഈ കൺസപ്റ്റ്.” വലിയ രീതിയിൽ തന്നെയാണ് റോഷ്‌നയുടെ ഈ ആശയം ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുന്നത്.