ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവള്‍!!! കടബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി കടല്‍ കടല്‍ കടന്നവള്‍, നൊമ്പരമായി ലക്ഷ്മിക

യുവ നടി ലക്ഷ്മിക സജീവന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. കുറിച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ലക്ഷ്മിക ആരാധകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ ‘പഞ്ചമി’യാണ് ലക്ഷ്മികയെ പ്രശസ്തിയിലെത്തിച്ചത്. കൂടുതല്‍ അവസരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ 27ാം വയസ്സിലാണ് ലക്ഷ്മിക അപ്രതീക്ഷിതയായി യാത്രയായത്. പ്രവാസ ജീവിതത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ലക്ഷ്മികയുടെ മരണം. ഷാര്‍ജയില്‍ ബാങ്കുദ്യോഗസ്ഥയായിരുന്നു താരം.

ലക്ഷ്മികയെ കുറിച്ച് നിര്‍മാതാവ് പിടി അല്‍താഫ് പങ്കുവച്ച കുറിപ്പ് കണ്ണീരലിയിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു അവള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. കടബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി കടല്‍ കടന്നയാളാണ് ലക്ഷ്മിക എന്നാണ് അല്‍താഫ് പറയുന്നത്.

ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വര്‍ഗ ലോകത്തേക്ക് യാത്രയായിരിക്കുന്നു. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാല്‍ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവള്‍ക്ക് സ്ഥാനം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവള്‍. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവള്‍ കെട്ടിപ്പടുത്തു. കടബാധ്യത തീര്‍ക്കാനായി അഭിനയ മോഹം ഉള്ളിലൊതുക്കി അവള്‍ വീണ്ടും കടല്‍ കടന്നു.

പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാന്‍ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയില്‍ തളര്‍ന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമര്‍ത്തി ഞാന്‍ ആ വീട്ടില്‍ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.

അതെ, ‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാര്‍ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്നു അവള്‍. സ്വന്തം അച്ഛനെ വിട്ട് കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക് അവള്‍ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്. വിട, പ്രിയ സോദരീ. എന്നാണ് അല്‍താഫ് പങ്കുവച്ചത്.