കാഴ്ചക്കാരില്ലാതെ ഒറ്റയ്ക്ക് ചിത്രം വരച്ച മഹാരാജാസിലെ ആ പെണ്‍കുട്ടിയായിരുന്നു ജ്യോതിര്‍മയി!!!

സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും മാറി സംവിധായകന്‍ അമല്‍നീരദിനെ വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ് നടി ജ്യോതിര്‍മയി. മലയാളത്തില്‍ ശ്രദ്ധേയയായ നായികയായി തിളങ്ങുന്നതിനിടെയാണ് താരം അമല്‍നീരദിനെ വിവാഹം കഴിച്ചത്. സിനിമ വിട്ടെങ്കിലും താരം…

സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും മാറി സംവിധായകന്‍ അമല്‍നീരദിനെ വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ് നടി ജ്യോതിര്‍മയി. മലയാളത്തില്‍ ശ്രദ്ധേയയായ നായികയായി തിളങ്ങുന്നതിനിടെയാണ് താരം അമല്‍നീരദിനെ വിവാഹം കഴിച്ചത്. സിനിമ വിട്ടെങ്കിലും താരം എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. അപൂര്‍വമായി മാത്രമേ താരം പൊതുചടങ്ങില്‍ എത്താറുള്ളൂ.

ഇപ്പോഴിതാ ജ്യോതിര്‍മയിയെ കുറിച്ച് നടന്‍ സലിം കുമാര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ചിത്രകാരിയായിരുന്ന ജ്യോതിര്‍മയിയെ മഹാരാജാസ് കോളജില്‍ വച്ച് കണ്ടുമുട്ടിയ കഥയാണ് നടന്‍ പങ്കുവയ്ക്കുന്നത്. മഹാരാജാസ് കോളജില്‍ പെയിന്റിങ് മത്സരം നടക്കുമ്പോള്‍ കാഴ്ചക്കാരാരുമില്ലാതെ തനിയെ നിന്ന് പെണ്‍കുട്ടി ചിത്രം വരക്കുന്നു. അവളോട് താന്‍ ചിത്രം നന്നായാലേ അടുത്ത് ആളുണ്ടാകൂ എന്ന് പറഞ്ഞു. ആ പെണ്‍കുട്ടിയാണ് പിന്നീട് മലയാളത്തിലെ നായികയായതും അമല്‍ നീരദിന്റെ ഭാര്യയായും മാറിയ ജ്യോതിര്‍മിയെന്നും സലിം കുമാര്‍ പറയുന്നു.

അമല്‍ നീരദിന്റെ അച്ഛനും പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുന്‍ അധ്യാപകനുമായ പ്രഫ. സി.ആര്‍. ഓമനക്കുട്ടന്റെ പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് സലിംകുമാര്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്.

ഞാനിന്ന് നിങ്ങള്‍ അറിയപ്പെടുന്ന സലിംകുമാര്‍ ആയതിന് മഹാരാജാസ് കോളജിന്റെ വഹിച്ച പങ്ക് വലുതാണെന്ന് താരം പറയുന്നു. അവിടെ തനിക്ക് പ്രിയപ്പെട്ട ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓമനക്കുട്ടന്‍ മാഷാണെന്നും താരം പറയുന്നു. കോളജില്‍ നിന്നും തുടങ്ങിയ ആ ബന്ധം ഇപ്പോഴും ദൃഢമായി തുടരുന്നുണ്ടെന്നും താരം പറയുന്നു.

ഒരു ദിവസം ഓമനക്കുട്ടന്‍ മാഷും ഞാനും കൂടി കന്റീനില്‍ നിന്ന് ചായ കുടിച്ചിട്ട് വരുമ്പോള്‍ മഹാരാജാസ് കോളജിന്റെ സെന്റര്‍ സര്‍ക്കിളില്‍ പെയിന്റിങ് മത്സരം നടക്കുകയാണ്. ഒരുപാടുപേര്‍ പെയിന്റ് ചെയ്യുകയാണ്. ചുറ്റും നിന്ന് കുട്ടികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഞാന്‍ നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തില്‍ കാന്‍വാസ് ചാരി വച്ചിട്ട് വരച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത് ആരുമില്ല. ഈ പെണ്‍കുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാന്‍ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അടുത്ത് ഞാന്‍ മാത്രമേയുള്ളൂ. ബാക്കി എല്ലാ സ്ഥലത്തും നിറയെ ആളുകളുണ്ട്. ഞാന്‍ അവിടെ ഇരിക്കുന്നത് കണ്ടു ഈ പെണ്‍കുട്ടി എന്നെ തിരിഞ്ഞുനോക്കി. ഞാന്‍ വരച്ചോളൂ എന്ന് കൈ കാണിച്ചു.

എന്നിട്ട് ഞാന്‍ ചോദിച്ചു, ‘മോളെ, മോളുടെ അടുത്ത് ആരും ഇല്ലാത്തത് എന്താണെന്ന് മനസ്സിലായോ? അവിടെല്ലാം നിറയെ ആള്‍ക്കാര്‍ നില്‍ക്കുന്നുണ്ടല്ലോ. നന്നായിട്ട് പടം വരയ്ക്കണം. എന്നാലേ ഇതുപോലെ നിറയെ ആളുകള്‍ അടുത്തു കൂടൂ’.

അന്ന് അമല്‍ അവിടെ ചെയര്‍മാനാണ്. അമല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെയുണ്ട്. ആ പെണ്‍കുട്ടി പിന്നീട് ഒരുപാട് സിനിമകളില്‍ നായികയായിട്ടും സഹ നായികയുമായിട്ടൊക്കെ അഭിനയിച്ച് ഇന്ന് ഓമനക്കുട്ടന്‍ മാഷിന്റെ മരുമകളായ, അമല്‍ നീരദിന്റെ ഭാര്യയായ, ജ്യോതിര്‍മയി ആണെന്നുള്ള ഒരു സത്യം ഞാന്‍ വെളിപ്പെടുത്തുകയാണ് എന്നാണ് സലിംകുമാര്‍ പറയുന്നത്.

പിന്നീട് ജ്യോതിര്‍മയി പടം വരച്ചോ ഇല്ലയോ എന്നൊന്നും അറിയില്ല. മാഷ് ഇനിയും ഒരുപാട് പുസ്തകങ്ങള്‍ എഴുതണം. മാഷിന് ഇപ്പോഴും ചെറുപ്പമാണ്. ആ ചെറുപ്പവും കൊണ്ട് ഒരുപാട് പുസ്തകങ്ങള്‍ ഇനിയും എഴുതാന്‍ മാഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നെന്നും സലിം കുമാര്‍ പറഞ്ഞു.